കേൾവിക്കാർ
ചില മനുഷ്യരുണ്ട്.
അവർക്കൊപ്പമിരിക്കുമ്പോൾ നിങ്ങളിലെ ആത്മഗതങ്ങൾ , സംവേദനങ്ങളായി മാറും.
നിങ്ങൾ പറഞ്ഞുതീരുംവരെ അവർ നിങ്ങളുടെ കണ്ണുകളിൽത്തന്നെ നോക്കിയിരുന്നേക്കും.
തീർത്തും മൗനമായിരുന്ന് നിങ്ങളെ കേൾക്കും.
എല്ലാം പറഞ്ഞുതീരുമ്പോൾ കണ്ണുനിറഞ്ഞൊഴുകിയാലും
ഒരൊറ്റ ആലിംഗനം,
ചുമലിൽ ഒരു കരസ്പർശം,
ഒരു പുഞ്ചിരി,
അതുമല്ലെങ്കിൽ ചുരുങ്ങിയ ചില വാക്കുകൾ കൊണ്ട് നിങ്ങളിലേക്കവർ പടർന്നേക്കും.
ഹൃദയം തുറന്ന സാന്ത്വനിപ്പിക്കലിന്റെ
ആ നേരങ്ങളിൽ , ഭൂമിയിൽ സ്നേഹമവസാനിച്ചിട്ടില്ലെന്ന് നിങ്ങൾ
നന്ദിയോടെ ഓർക്കും.
തിരിച്ചു പങ്കിടാൻ എന്തെങ്കിലുമൊക്കെയില്ലേയെന്ന്
നിങ്ങളവരോടു ചോദിച്ചേക്കില്ല.
അവരിങ്ങോട്ടു പറയുകയുമില്ല.
അവരിലെ ആത്മഗതങ്ങൾ
അവശേഷിക്കും,ചിലപ്പോൾ ഒടുങ്ങിപ്പോകും,
അവരിൽത്തന്നെ.....
എന്നിട്ടും
പിന്നെയും പിന്നെയും കാതുതുറന്നുപിടിക്കും.
നല്ല കേൾവിക്കാരാകും,
അവർ വായിച്ചെടുക്കുകയാണ്
നിങ്ങളെ,നിങ്ങളിലൂടെ ജീവിതത്തെ.
©_ottathuruth_
_ottathuruth_
ഇടത്താവളം scribbling people and lives both inside and outside mind✨✨
-
-
കാഴ്ച
രാത്രിയിൽ ഈ നഗരത്തിനിരുളിൽവെച്ചു കണ്ടതിൽ പിന്നെ നിങ്ങളുടെ മുഖമെന്നെ
അലോസരപ്പെടുത്തുന്നു!!
തീർത്തും അപരിചിതരായിരുന്നിട്ടും
ഞങ്ങളെ ചൂഴ്ന്നുനോക്കിയ കണ്ണുകൾ, ഭയന്നുമാറി വേഗം കൂട്ടി നടന്നിട്ടും പിന്തുടർന്നു വരാനോങ്ങിയ നിങ്ങളിലെ
അപ്രതീക്ഷിത ചലനങ്ങൾ!!
അന്നവ ഭയപ്പെടുത്തിക്കളഞ്ഞെങ്കിൽ
ഇന്ന് അത്രമേൽ
കുത്തിനോവിക്കുന്നു.
ഉടൽ പകുക്കാൻ മാത്രം ഏത്
വികാരമാണ് നിങ്ങളെ കീഴ്പ്പെടുത്തിക്കളഞ്ഞതെന്നറിയില്ല.
ഉള്ളിലെ കത്തിക്കാളുന്ന വിശപ്പായിരിക്കാം അല്ലേ?
ഒരൊറ്റ പ്രാർത്ഥന മാത്രം
ഇനി തമ്മിൽ കാണാനിടവരാതിരിക്കട്ടെ
ഒരിക്കലും!!
©_ottathuruth_ -
തിരപോലെ
മനുഷ്യർ
എത്ര മനുഷ്യരാണിങ്ങനെ
തിരമാലകൾ പോലെ.....
ഓർമ്മകളുടെ കടലാമക്കുഞ്ഞുങ്ങളെ പൂഴിമണ്ണിൽ കുഴിച്ചിട്ടു കടന്നു കളയുന്നവർ.
മറ്റു ചിലർ സൗഹൃദത്തിന്റെ നീലമീനുകളെ സമ്മാനിക്കുന്നവർ.
വേലിയേറ്റങ്ങൾ പോലെ ഇടിച്ചു കയറുന്നവർ;
മടക്കത്തിൽ ഹൃദയത്തിന്റെ പാതി മോഷ്ടിക്കുന്നവർ.
ആർത്തലച്ചെത്തി അവനവനിലെ
നല്ലതോ ചീത്തയോ ആയതെന്തെങ്കിലും
നിങ്ങളിലുപേക്ഷിക്കുന്നവർ.
വെറുതേ ഒന്നു നനച്ചു കുളിർപ്പിക്കാൻ മാത്രമണയുന്നവർ.
എന്തോരം മനുഷ്യരാണിങ്ങനെ
തിരമാലകൾ പോലെ.....
ഹാ...ഓർമ്മകളിലിപ്പോഴും ഉപ്പു ചുവയ്ക്കുന്നു.
©_ottathuruth_ -
'രാത്രിമഴ'
ഉള്ളിലൊരു രാത്രിമഴ തോരാതെ
പെയ്യുന്നു.
മൃതമായൊരു നീർച്ചാലിന്,
അവസാനത്തെ കുയിൽപ്പാട്ടിന്,
പച്ചമരത്തണലിന്നു വേണ്ടി
പാടുന്നവരിൽ
നിങ്ങൾ പുനർജ്ജനിച്ചു കൊണ്ടേയിരിക്കുന്നു.
ഉള്ളിലൊരു രാത്രിമഴ തോരാതെ പെയ്യുന്നു.
ഹാ സഫലം
'സഫലമീ ജീവിതം'
©_ottathuruth_ -
പ്രയാണം
ഒരിക്കലൊരാൾ ഏകാന്തതയിൽ നിന്നു വിടുതൽ തേടി
അക്ഷരങ്ങളെ തിരഞ്ഞിറങ്ങി.
കൂടിക്കാഴ്ചയ്ക്കിടയിലെപ്പോഴോ അതേ അക്ഷരങ്ങൾ
അയാളറിയാതെ ഞരമ്പുകളിലൂടൊഴുകി
വിരലുകളിൽ പൂത്തു തുടങ്ങിയത്രേ;
സഞ്ചരിച്ച ഇടങ്ങളിലെല്ലാം ചിലപ്പോൾ കൈയ്യടക്കത്തോടെ,മറ്റു ചിലപ്പോൾ അലസമായി അയാളെന്തൊക്കെയോ കുടഞ്ഞെറിഞ്ഞുവത്രേ.
ഒടുവിൽ തന്നിലെ അക്ഷരങ്ങളുടെ ഉറവ വറ്റിയെന്നു തോന്നിയൊരുനാൾ അയാൾ
വീണ്ടും ഏകാന്തതയിലേക്കു മടങ്ങി.
പിന്നീടയാളെ കണ്ടവരില്ലത്രേ!!!
©_ottathuruth_ -
ആത്മബന്ധം
ചില മനുഷ്യർ അവരുടെ കഥകൾ
മനസ്സു തുറന്ന് പറയും.
കഥയുടെ പാതിയിലെവിടെയോ വച്ച്
അവയിൽ നിങ്ങൾ നിങ്ങളെത്തന്നെ കാണും.
ഭൂതകാലത്തിന്റെ മങ്ങിയ ഓർമ്മച്ചുവരുകളിൽ നിങ്ങൾക്ക് മാത്രമുള്ളതെന്ന് കരുതിപ്പോന്നവ അവരുടേതു കൂടിയാണെന്ന്,
നങ്കൂരമിടാനാകാത്ത നിങ്ങളുടെ വർത്തമാനത്തിന്റെ കപ്പലിൽ അവരും
സഹയാത്രികരായിരുന്നുവെന്ന്,
ലോകത്തിന്റെ വ്യത്യസ്തമായ കോണുകളിൽ നിന്ന്
ഒരേ സ്വപ്നങ്ങൾ തേടി ഇറങ്ങിത്തിരിച്ച വരായിരുന്നുവെന്ന്,
അങ്ങനെയങ്ങനെ സാമ്യപ്പെടലുകളിലൂടെ അവരുടെ കഥ
സഞ്ചരിക്കും തോറും ജീവിതത്തിന്റെ ഏതൊക്കെയോ
അദൃശ്യമായ കണ്ണികളിൽ നിങ്ങൾ പരസ്പരം ചേർക്കപ്പെട്ടു
കഴിഞ്ഞിരിക്കും.
അതെ.....ചില ആത്മബന്ധങ്ങൾ ഉരുവം കൊള്ളുന്നത് തുറന്നു പറച്ചിലുകളിലൂടെയാണ്;
തുറന്നു പറച്ചിലുകളിലൂടെ മാത്രം.
©_ottathuruth_ -
പക്ഷികൾ
കൂടു തുറന്നു വിട്ടാലും പറന്നു പോകാത്ത ചില പക്ഷികളുണ്ട്!!
അതവർ ആകാശം വെറുക്കുന്നതു കൊണ്ടാകണമെന്നില്ല.
പാരതന്ത്ര്യം ഒരു ശീലമായിപ്പോയതു കൊണ്ടാകാം.
മോചനം കണ്ടെത്തിയ പക്ഷികൾ ഉയർന്നു പറക്കുന്നത്, അധിനിവേശങ്ങൾക്കെതിരെ ഒച്ച വയ്ക്കുന്നത്,ഒന്നിച്ചു ചേർന്ന് ആകാശത്തിന്റെ അതിരുകൾ മാറ്റിവരയ്ക്കാൻ വ്യഗ്രതപ്പെടുന്നത്
അഴികൾക്കുള്ളിലിരുന്ന് അവരും കാണുന്നുണ്ടാകാം.
പക്ഷേ എന്നിട്ടും അവർ മാത്രം
മധുരം നിറഞ്ഞ പാട്ടുകൾ പാടുന്നതെന്തെന്ന് നിങ്ങൾ അത്ഭുത പ്പെട്ടേക്കാം.
നൂറ്റാണ്ടുകളായി അവരിൽ വേരുറപ്പിച്ചതിനെ പിഴുതു മാറ്റാൻ
നിങ്ങൾക്കൊരു ചെറിയ നുഴഞ്ഞു കയറ്റം മതിയാകുമോ?
അവർ അടിമകളാണ്.
ഒരുപാടു കാലം
മറ്റു പലരുടേയും, പലതിന്റേയും
പിന്നീടങ്ങോട്ട് അവരുടെ തന്നെയും
മെനഞ്ഞെടുക്കലുകളുടെ അടിമകൾ.
പറന്നു പോകാത്ത അവരെ തലതാഴ്ത്തിപ്പിടിച്ചല്ലാതെ തള്ളിപ്പറയാൻ ചിലപ്പോൾ നിങ്ങൾക്ക് സാധിയ്ക്കുകയില്ല.
കാരണം അവരുടെ പാരതന്ത്ര്യത്തിന്റെ
ഇടയിലെ ഏതോ തിരിവിലാണ് നിങ്ങളുടെ സ്വാതന്ത്ര്യം ഉരുവം കൊണ്ടത് എന്നതു തന്നെ.
©_ottathuruth_ -
People
Beware of the people who have progressive tongue outside,
but even still worships strong conservative believes deep inside.
©_ottathuruth_ -
_ottathuruth_ 12w
Mob psychology is unpredictable sometimes!!!
When joining hands for something
rooted on goodness,
It is that much beautiful.
But in the point of hatred,
It is a sharp weapon;
Which creates deep wounds.ആൾക്കൂട്ടം
ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം
പ്രവചനാതീതമാണ്.
നന്മയിലൂന്നിയ എന്തിനെങ്കിലുമൊക്കെ വേണ്ടി കരങ്ങൾ കോർത്തു പിടിക്കുമ്പോൾ
അത് അത്രമേൽ മനോഹരവും
വെറുപ്പിന്റെ വികാരത്തള്ളിച്ചകളിൽ
ആഴത്തിൽ മുറിവേൽപ്പിക്കാൻ പോന്ന
മൂർച്ചയേറിയ ആയുധവുമാകുന്നു.
©_ottathuruth_ -
സുഖാന്വേഷണം
അയാൾ പട്ടാളത്തിലായിരുന്നു.
അതിർത്തിയിൽ കാവൽ നിന്ന് രാജ്യത്തിനു വേണ്ടി ജീവിച്ച ഒരാൾ.
വർഷങ്ങൾക്കിപ്പുറം,സേവനം കഴിഞ്ഞ് തിരിച്ചെത്തി.
മക്കളെല്ലാം വലിയ നിലയിൽ.
എത്ര ചേർത്തു കെട്ടാൻ നോക്കിയിട്ടും
ഇടയ്ക്കിടെ വീട്ടിൽ വരുന്ന ഒരതിഥിയുടെ ഇഴയടുപ്പം മാത്രം അവരയാളോടു കാണിച്ചു.
ചർച്ചകൾക്കൊടുവിൽ
അമേരിക്കക്കാരൻ മകൻ അമ്മയെ തനിക്കൊപ്പം നിർത്താമെന്നേറ്റു.
ഇനി തന്നെയും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കേണ്ടെന്നോർത്ത് അയാൾ തന്നെയാണ് വൃദ്ധസദനം എന്ന സാധ്യത മുന്നോട്ടു വച്ചത്.
എല്ലാവർക്കും സൗകര്യമായി!
ഫോണിന്റെ അങ്ങേത്തലയ്ക്കൽ മാസത്തിലൊരിക്കൽ അയാളുടെ ശ്രീമതി
പ്രത്യക്ഷപ്പെടും; വിവരങ്ങളന്വേഷിക്കും.
എന്നും ആ സംസാരത്തിനു ശേഷം അയാൾ പതിവിലും സന്തോഷവാനായി കാണപ്പെടും.
പക്ഷേ ഞാനോർത്തു പോവുകയാണ് അയാൾക്കു മുന്നേ അവർ മരിച്ചു പോവുകയാണെങ്കിലോ?
അയാളിനി എന്തിനു വേണ്ടിയാണ് കാത്തിരിക്കുക!
"ചില കാത്തിരിപ്പുകൾ എത്രമേൽ അനിർവ്വചനീയമാണല്ലേ?"
ഇത്തവണ വിളി വന്നത് ഏറെ വൈകിയാണ്.അങ്ങേത്തലയ്ക്കൽ മകനായിരുന്നു;മരണ വിവരമായിരുന്നു ; ശ്രീമതിയുടെ.
കോൾ അറ്റന്റ് ചെയ്തത് ഞാനും.
എങ്ങനെ അയാളോടിത് അറിയിക്കുമെന്നതായിരുന്നു എനിക്ക് വിഷമം.
ഒന്നും വേണ്ടി വന്നില്ല.
"അയാളുടെ യുദ്ധം അവസാനിച്ചു കഴിഞ്ഞിരുന്നു".
ദാമ്പത്യത്തിൽ വളരെക്കുറച്ചു കാലം ഒരുമിച്ചു കഴിയാൻ വിധിക്കപ്പെട്ടിട്ടും
മരണത്തിൽ അയാളവരെ അനുഗമിക്കുക തന്നെ ചെയ്തു.
ഞാൻ പറഞ്ഞില്ലേ ചില സുഖാന്വേഷണങ്ങൾ അത്രമേൽ വിലപ്പെട്ടവയാണ്; ഒരുപക്ഷേ ജീവനോളം തന്നെ മൂല്യമുള്ളത്.
എല്ലാവർക്കുമങ്ങനെ ആകണമെന്നില്ല.
പക്ഷേ അയാൾക്കങ്ങനെ ആയിരുന്നു.
©_ottathuruth_
-
സ്വന്തം
എത്ര വേഗത്തിലാണ്
ചില മനസ്സുകളോട്
നമ്മുടെ ഹൃദയം ഒട്ടിച്ചേരുന്നത്
തമ്മിലൊന്നറിയാഞ്ഞിട്ടുപോലും
എത്ര വേഗത്തിലാണ്
ഇരുഹൃദയങ്ങളുടെയും
മിടിപ്പുകൾ ഒരേ
താളത്തിലാവുന്നത്
സൗഹൃദമെന്നോ
പ്രണയമെന്നോ
തിരിച്ചറിയാതെ
എത്രപെട്ടെന്നാണ് നാമവരെ
ജീവനോളം ചേർത്തുവയ്ക്കുന്നത്
ഒരു പുഞ്ചിരിയിലൂടെ
ഹൃദയഭാഷ വായിച്ചെടുക്കുന്നത്
ഒരു അക്ഷരങ്ങളിലൂടെയും
മനസ്സ് മുഴുവൻ തന്നോട്
ചേർത്തുവക്കുന്നത്
ചിന്തകളിൽ പരസ്പരം
നിറയുന്നത്
പ്രാർത്ഥനകളിൽ ചേരുന്നത്
അവർക്കായ് തുടിക്കുന്നത്
സ്നേഹിക്കുന്നത്
സ്വന്തമായ് മാറുന്നത്....
©ashi -
nithyaji 2d
ഭയംകൊണ്ടു മുറിവേൽക്കുന്ന മനുഷ്യരെ
തൊട്ടിട്ടുണ്ടോ?
വിറയ്ക്കുന്ന വിരലുകൾക്കൊണ്ട് അവർ
നിങ്ങളെ മുറുകെപ്പിടിക്കും.
തൊണ്ടയിൽ കുരുങ്ങിപ്പോയ വാക്കുകൾ
അവരുടെ കണ്ണിലൂടെ നിങ്ങളെ എത്തിനോക്കും.
നോവുകലർന്ന നിശ്വാസങ്ങൾ
നിങ്ങളുടെ നെഞ്ചിലേക്കു പടർന്നുകയറും.
ഭയംകൊണ്ടു മുറിവേൽക്കുന്ന മനുഷ്യരെ തൊട്ടിട്ടുണ്ടോ?
മുറുകിയ ഹൃദയതാളങ്ങളെ മറയ്ക്കാൻ അവരണിയുന്ന നിറഞ്ഞ ചിരിപോലെ
നേരുള്ളൊരു നുണയറിയാമോ!
©nithyaji -
ഇന്ന് പിന്നെയും മഴ പെയ്തു..
നനുത്ത വെയിൽനാളങ്ങൾക്കിടയിലൂടെ
ചാഞ്ഞും ചെരിഞ്ഞും
ഒരുപാട് നേരം...
കുറുക്കന്റെ കല്യാണമെന്നാരോ
കളിചിരിയ്ക്കുന്നു..
ഇടയിലൊരു നെടുവീർപ്പ്
പറയാതെ പറയുന്നുണ്ട്..
പെയ്യട്ടെ..
നമുക്കറിയാത്തതല്ലല്ലോ..
ഉള്ളിലെ മഴക്കരച്ചിലുകളെത്രയോ വട്ടം
നമ്മൾ
നിറഞ്ഞ വെയിൽച്ചിരികളിൽ
മറച്ചിരിയ്ക്കുന്നു...
©shilpaprasanth_ -
dkrish 1d
എന്റെ മാത്രം
കാവ്യങ്ങളിൽ
രമിക്കുന്നെങ്കിൽ
നിങ്ങൾ
അത്രമേൽ
സ്വാർത്ഥനായൊരു
മനുഷ്യനാണ്,
എല്ലാം ഒരുക്കിവെച്ചു
നിങ്ങളെ
ആനന്ദിപ്പിക്കാൻ
മാത്രം വിഡ്ഢിയുമാണ്
ഞാൻ,
ഇനിയും തീരാത്ത
എൻ നീരുറവകളിൽ
തട്ടി നിലച്ചുപോവുന്ന
"കള" മാത്രമാണ്,
കളയാൻ നിങ്ങൾ
ആഗ്രഹിക്കുന്നിടത്തോളം
സ്വതന്ത്രനായൊരു
എഴുത്തുകാരനും കൂടി...
©ധീരജ്... -
5
"അവിടെ ചേട്ടത്തിയും അനിയത്തിയും കൂടാ കാര്യങ്ങള്.. "
-സലോമിയോട് ആരാണിത് പറഞ്ഞത്?-
"ഞാനവിടെ പണിക്ക് നിന്നിട്ടുണ്ട് "
-എന്നിട്ട്? -
"അവളിത്തിരി ചാട്ടക്കാരിയാണെന്ന് എനിക്ക് അന്നേ അറിയാം. .
അവടെ കയ്യും കാലുമില്ലാത്ത തുണിയുടുപ്പും കവച്ചുള്ള നടപ്പും.
എനിക്കെന്തോ അന്നേരെ തോന്നിയതാണ്.. "
-കുഞ്ഞുമോൻ എന്ത് ചെയ്തെന്നാണ്? -
ബീയാട്രസ് വീണ്ടും വിഷയത്തിലേക്ക് സഞ്ചരിക്കുവാൻ ശ്രമിച്ചു.
പിന്നീട് സലോമി സംസാരിച്ചതെല്ലാം പതിഞ്ഞ ശബ്ദത്തിലായിരുന്നു.
അടുക്കള ജോലികൾ നേരത്തെ അവസാനിക്കുന്ന ദിവസങ്ങളിൽ ബീയാട്രസ് സലോമിയെ മുകൾനിലയിലെ ബാൽക്കണിയിലേക്ക് ക്ഷണിച്ചു.
ഇരുമ്പ് ഗ്രില്ലുകൾ തുറന്ന് ചാലോട് ദേശത്തിന്റെ മറ്റൊരു ദൃശ്യം അവൾ സലോമിക്ക് കാണിച്ചു കൊടുത്തു.
വെള്ളപ്പാറ മുരുപ്പിന്റെ ചുവട്ടിലെ കനാൽ പാലം.,
അമ്പത്തിരണ്ടേക്കറിലെ തൈമരങ്ങൾക്ക് ഇടയിൽ ഒറ്റതിരിഞ്ഞ് തലയുയർത്തി നിൽക്കുന്ന ആഞ്ഞിലിമരങ്ങൾ..,
അങ്ങനെ തന്റെ വീട്ട് മുറ്റത്ത് നിന്ന് നോക്കുന്നതിലും വ്യത്യസ്തമായ കാഴ്ചകൾ !
ഒന്നിന് മുകളിൽ ഒന്നിലേക്ക് പടർന്ന് കയറുന്ന മൺകൂനകൾക്കിടയിലേക്ക് നീണ്ട് പോകുന്ന വഴിയരികുകളിൽ ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ തെളിവുകൾ.
"അവിടെയാണ് സലോമിയുടെ വീട്."
ബീയാട്രസ് ചീരംകുന്നിന്റെ താഴ്വരയിലൊരു ഭാഗത്തേക്ക് കൈ ചൂണ്ടി.
സലോമി ആശ്ചര്യപ്പെട്ട് നിന്നു.
"ഇതെന്ത് മണമാണ്? "
മുറിയും കവിഞ്ഞ് ബാൽക്കണിയിലേക്ക് അനുഭവപ്പെട്ടിരുന്ന സുഗന്ധം ശ്വസിച്ച് കൊണ്ട് സലോമി ചോദിച്ചു.
-പാരിജാതത്തിന്റെ -
ബീയാട്രസ് പറഞ്ഞു.
"ഓഹ്.
അതിങ്ങനാരുന്നോ? -.
-സലോമിക്ക് ഈ മണം ഇഷ്ടപ്പെട്ടോ? -
ബീയാട്രസ് ചോദിച്ചു.
"മം.. "
സലോമി ദീർഘമായി ശ്വസിച്ചു.
Next
©മങ്ങാടൻ -
4
ചാലോട് ദേശത്ത് ഒരുപാട് വീടുകളിൽ സലോമി ജോലി ചെയ്തിട്ടുണ്ട്.
അതുകൊണ്ട് തന്നെയാകും സലോമിക്ക് അറിയാത്ത രഹസ്യങ്ങൾ ചാലോട് ദേശക്കാർക്ക് വളരെ കുറവാണ്.
കവലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി നീളെ അവൾക്ക് സൗഹൃദങ്ങളുണ്ട്. അടുക്കളമുറ്റങ്ങളിലും വേലിക്കല്ലുകളുടെ ചുവട്ടിലും രഹസ്യങ്ങളുടെ ഉൾകാമ്പുകളിലെ ലഹരി പിടിക്കുന്നവർ പിന്നെയും പിന്നെയും സലോമിയോട് ചോദ്യങ്ങൾ ചോദിക്കും.
തന്റെ ഇഷ്ടക്കാരോട് മാത്രം അവൾ മറുപടി നൽകും.ഓരോ രഹസ്യങ്ങൾക്കും അവിടെയും ഇവിടെയും തൊടാതെയുള്ള ഉത്തരങ്ങളാണ് സലോമി പറയുക .ആ ഉത്തരങ്ങളിൽ നിന്ന് ശ്രാവകർ കഥകൾ സങ്കൽപ്പിച്ച് തുടങ്ങുമ്പോൾ സലോമി പുഞ്ചിരിച്ച് കൊണ്ട് നടന്ന് മറയും .
അവൾ വീട്ടിലെത്തുമ്പോൾ ചീരകുന്നിലെ പരുന്തിൻ തലമുതൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാകും.
"അയാളില്ലേ? "
സലോമി ചോദിച്ചു.
-ആര്? -
മറുചോദ്യം ചോദിച്ച്കൊണ്ട് ബീയാട്രസ് സലോമിക്ക് അരികിൽ ഇരുന്നു.
"ആ റേഷൻ കടക്കാരൻ കുഞ്ഞുമോൻ, "
ചാലോട് കവലയുടെ തിരക്കൊഴിഞ്ഞ കോണിൽ മരം കൊണ്ട് നിർമ്മിച്ച കെട്ടിടത്തിനുള്ളിൽ ഇരിക്കുന്ന കുഞ്ഞുമോനെ ബീയാട്രസിന് അറിയാം.
-ആം.-
"അവന്റേ പെമ്പ്രെന്നോത്തിക്ക് ഒരു അനിയത്തി ഉള്ളതിനെ ബീയാട്രസിന് അറിയുവോ? "
-മെലിഞ്ഞിട്ട്,
ഒരിത്തിരി വെളുത്ത ഒരു കുട്ടിയല്ലേ? -
"കമ്പ് പൊലിരുന്നാ മതി. അവളേതാ മൊതല്ലെന്നറിയാവോ ?
-എന്താണ്?-
"അതിപ്പോ ഞാനെങ്ങനെയാണ് പറയുന്നെ? !"
സലോമിയുടെ മുഖത്ത് കൃതൃമമായൊരു പരവേശവും ഒരു രഹസ്യം അനാവൃതമാക്കുന്ന നിഗൂഢതയും മാറി മറിഞ്ഞു.
-എങ്കിലും പറയൂ.. -
ബീയാട്രസ് കുറച്ച് കൂടി ശബ്ദം താഴ്ത്തി പറഞ്ഞു.
Next
©മങ്ങാടൻ -
3
ബീയാട്രസിന് ഒരു അടുക്കള സഹായത്തിന് വേണ്ടിയാണ് ചാലോട് പള്ളിയിലെ വികാരി മുഖേന സലോമിയെ ഇവിടെ ജോലിക്ക് ആക്കുന്നത്.
ആദ്യകാലങ്ങളിൽ സലോമി വൈകുന്നേരങ്ങളിൽ മാത്രം വന്ന് അടുക്കള ജോലിയിൽ ബീയാട്രസിനെ സഹായിക്കുകയായിരുന്നു പതിവ്.
കാലത്ത് മറ്റൊരു വീട്ടിൽ അവൾ ജോലിക്ക് പോയിരുന്നു.
ചില ദിവസങ്ങളിൽ സലോമി വരുന്നതിന് മുൻപ് തന്നെ ബീയാട്രസ് സ്വയം ജോലികളൊക്കെ ഒതുക്കി തീർത്തിരിക്കും.
എങ്കിലും ഇരുള് വീണ് തുടങ്ങും വരെ
അടുക്കളപ്പുറത്തെ ചായ്പിൽ അവർ പരസ്പരം സംസാരിച്ചിരിക്കും.
"അയാളില്ലേ? "
-ആര്?
"ഓഹ്,
ആ കുന്നേലെ മത്തായി മാപ്ലയുടെ ഇളയ ചെക്കൻ "
-മത്തായി മാപ്ലയ്ക്ക് ആണ്മക്കളുണ്ടോ? -
"പിന്നേ.."
വെയിൽ മങ്ങുന്ന ചാലോടിന്റെ സായാഹ്നങ്ങളിൽ അവർ ദീർഘമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു.
അറിവുകൾ കൈമാറി.
സ്വകാര്യതകളുടെ അതിരുകളിൽ ശബ്ദമുണ്ടാക്കി ചിരിച്ചു.
ബീയാട്രസ് ചാലോട്ടേക്ക് വരുന്നതിനും മുൻപ് നടന്ന സംഭവങ്ങളിലേക്ക് സലോമിയുടെ സംസാരങ്ങൾ ഇടയ്ക്കിടെ കടന്ന് പോകും.
സലോമി ഒരു ജീവിതം കൊണ്ട് അറിഞ്ഞ പലതും ചാലോടിന്റെ ഭൂതകാല രഹസ്യങ്ങളാണ്. രഹസ്യങ്ങളുടെ നഗ്നത അനാവൃതമാക്കപ്പെടുന്ന കഥകൾ കേൾക്കുവാൻ ബീയാട്രസിനും ഇഷ്ടമാണ്.
Next
©മങ്ങാടൻ -
2
രണ്ട് വർഷങ്ങൾക്ക് ശേഷം ജൂനിസ് ഒറ്റയ്ക്ക് കുവൈറ്റിലേക്ക് മടങ്ങുമ്പോൾ ബീയാട്രസിന് പരിഭവം ഒന്നുമില്ലായിരുന്നു.
നഗരത്തിന്റെ തിരക്ക് നിറഞ്ഞ ജീവിതം അവൾ വെറുത്ത് തുടങ്ങിയിരുന്നു.
അവൾ ചാലോട് ദേശത്തെ സ്നേഹിച്ച് തുടങ്ങി.
ചുണ്ടുകളിൽ ചായം തേച്ച്, മിനുങ്ങുന്ന വസ്ത്രങ്ങൾക്കുള്ളിൽ അഭിനയിച്ച് തീർന്ന് പോവുകയാണ് ഈ ജീവിതം എന്ന് വ്യസനിച്ച് തുടങ്ങുമ്പോളായിരുന്നു ജൂനിസ് അവളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചത്.
ജൂനിസ് കുവൈറ്റിലേക്ക് പോയതിന് ശേഷം ബീയാട്രസ് ചുണ്ടിന് മുകളിലെ നനുത്ത രോമങ്ങൾ നീക്കം ചെയ്യാതെയായി.
കടും നിറങ്ങൾ കൊണ്ട് ചുണ്ടുകൾ ചുവപ്പിക്കാതെയായി.
കറുത്ത ചുരുളൻമുടിയിഴകളിൽ അപൂർവ്വമായി പിഴച്ച് പോകുന്ന ഒറ്റനാരുകളെ പറ്റി ചിന്തിക്കാതെയായി.
താഴ്വരകളിൽ നിന്ന് മൺകൂനകൾക്ക് മുകളിലേക്ക്
രാത്രികൾ ഇഴഞ്ഞ് കയറുന്നതും ചീരംകുന്നിലെ പരുന്തിൻ തലയ്ക്കു മുകളിലെത്തുമ്പോളേക്കും പകലുകൾ അസ്തമിച്ച് പോകുന്നതും നോക്കി നിൽക്കുവാൻ അവൾ ആഗ്രഹിച്ചു.
മഴപെയ്യുന്ന സായാഹ്നങ്ങളിൽ
ഭൂതകാലവിസ്മൃതികളിൽ എവിടെയോ നഷ്ടപ്പെട്ടുപോയ ഒരു സുഹൃത്തിന് അവൾ കത്തുകളെഴുതി.
"പ്രീയപ്പെട്ടവൾക്ക്.,
ഞാനിവിടെ ഒരു ഗ്രാമത്തിലാണ്. ഒരിക്കൽ എന്റെ വാർധിക്യം ചിലവഴിക്കണമെന്ന് കരുതിയിയിരുന്നത് പോലെ ഒരു സ്ഥലം. ഭാഗ്യവശാൽ മധ്യവയസിൽ തന്നെ ഞാൻ ഇവിടെയെത്തിയിരിക്കുന്നു.
അവിടെ നിന്റെ അരികിൽ വെന്തുരുകുകയായിരുന്നു എന്റെ പകലുകള്!
എനിക്കിപ്പോള് ചില്ലു ജാലകങ്ങളോട് വെറുപ്പില്ല.
ഇവിടെ അവ പകലുകളില് കത്തിതീരുന്ന ഒരു ഭൂമികയുടെ ചിതയെരിയുന്ന കാഴ്ചകള് പ്രതിഫലിപ്പിക്കുന്നില്ല.
പകരം രാത്രികളില് മഞ്ഞുകണങ്ങള്കൊണ്ട്,
നിലാവ് കൊണ്ട്,
എന്നെ മോഹിപ്പിക്കുന്നു.
പക്ഷെ ഞാനിവിടെ ഏകയായിരുന്നു. ദുഃഖങ്ങളുടെ രൂപം മാത്രമാണ് മാറുന്നത്.
വേദന !
അതിവിടെ സ്ഥിരമായി അവശേഷിക്കുന്നു.
എങ്കിലും എനിക്ക് ഇവിടെയൊരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു.
സലോമി."
Next
©മങ്ങാടൻ -
1
രണ്ട് പെണ്ണുങ്ങൾ
©മങ്ങാടൻ.
ചാലോട് ദേശത്ത് ആദ്യമായി ഇരുനിലവീട് പണിയിപ്പിക്കുന്നത് അവറാച്ചൻ മുതലാളിയാണ്.
അതിന് ശേഷം പിന്നെയും മൺകൂനകളുടെ ചുവട് ചേർന്ന് ഇരുനില വീടുകൾ ഉയർന്നു തുടങ്ങിയെങ്കിലും അവറാച്ചന്റെ വീട് ചീരകുന്നിന് അഭിമുഖമായി ചാലോട് കവലയോട് ചേർന്ന് തലയുയർത്തി നിന്നു.
രണ്ട് തലമുറകൾ അതിജീവിച്ച കെട്ടിടം കൃത്യമായി അറ്റകുറ്റ പണികൾ തീർക്കാറുണ്ട് .എങ്കിലും
നാലുവശത്തും ഇരുണ്ട കണ്ണാടി ജാലകങ്ങളും അവയെ പൊതിയുന്ന ഇരുമ്പ് ഗ്രില്ലുകളും കാരണം കാഴ്ച്ചയിൽ അതിന് ഒരു നിഗൂഢ ഭാവമാണ് .
വർഷങ്ങൾക്ക് മുൻപ് ആ വീടിന്റെ മുകൾനിലയിലെ കണ്ണാടി ചുവരുകളുള്ള പൂമുഖത്താണ് അവറാച്ചന്റെ ഭാര്യ ഗ്രേസി ടീച്ചർ തൂങ്ങി നിന്നത്.
അന്ന് മുതലാണ് ചാലോട് ദേശക്കാർക്ക് മുന്നിൽ അവറാച്ചന്റെ വീട് നിശബ്ദതയുടെ പടുകുഴിയിലേക്ക് ഇറങ്ങിപ്പോയത്.
പിന്നീട് അവറാച്ചന്റെ മരണശേഷമാണ് കുവൈറ്റിൽ ആയിരുന്ന അയാളുടെ മകൻ ജൂനിസും ഭാര്യ ബീയാട്രസും ആ വീട്ടിൽ കാല് കുത്തുന്നത്.
Next
©മങ്ങാടൻ -
soudhamini 49w
.
