Grid View
List View
Reposts
 • akshay_pangottil 19h

  ഒരു സ്വപ്നമുണ്ടെനിക്ക്...
  എന്നെന്നും സ്വപ്നം മാത്രമായി ശേഷിക്കുന്ന ഒന്ന്....

  എനിക്കൊരു വീട് വേണം.
  ഒരു ഓടിട്ട കാലപ്പഴക്കം ചെന്നൊരു വീട്.
  നടുമുറ്റവും തുളസിത്തറയുമുള്ള ഒരുപാട് മരങ്ങൾ ചുറ്റും വളർന്നു നിൽക്കുന്ന വീട്...
  മുറ്റത്തു പാകിയ കരിങ്കല്ലുകൾ തീർത്ത നടവഴി...
  അരികിൽ ഒരു കുളം...
  അതിൽ നിറയെ ആമ്പൽ പൂക്കൾ...
  കുളത്തിലേക്ക് ഇറങ്ങാൻ കുറേ പടവുകൾ... തൊട്ടാവാടിയും നന്ദ്യാർ വട്ടവുമൊക്കെ അതിന് ഇരുവശത്തും നിറഞ്ഞ് വളർന്നു നിൽക്കണം...
  തൊടി നിറയെ പൂക്കളും പച്ചപ്പും ഉണ്ടാവും എപ്പോഴും...
  കാറ്റിന് ഒരുപാട് പൂക്കളുടെ മണം...
  മുല്ലയുടെ...
  ഇലഞ്ഞിയുടെ...
  ചെമ്പകത്തിന്റെ...
  പാലപ്പൂവിന്റെ....
  പിന്നെ ഒത്തിരി ഒത്തിരി പൂക്കളുടെ ...
  പേരറിയാത്ത എന്തെല്ലാം പൂക്കളാണ് ചുറ്റിലും...
  എപ്പോഴും ചെറിയ തണുപ്പാവണം ആ വീടിനു അകത്തും പുറത്തും...
  ചീവീടുകളുടെയും
  കാറ്റിന്റെയും
  മഴയുടെയും
  ശബ്ദമല്ലാതെ മറ്റൊന്നും അവിടെ പാടില്ല...
  മുറ്റം അവസാനിക്കുന്നിടത് ഒരു പടിപ്പുര വേണം...

  Read More

  മരം കൊണ്ട് ഇരിപ്പിടം കെട്ടിയ ഒരു പടിപ്പുര...
  അത്‌ കടന്നാൽ നടക്കല്ലുകൾ....
  അതിനപ്പുറം മറ്റൊരു ലോകമാണ്...
  തിരക്കുകളുടെ ലോകം...
  ആ വീട്ടിൽ ജീവിക്കണം...
  രാവും പകലും...
  പുറത്തു മഴ പെയ്യുന്നതും നോക്കി ജനൽപ്പടിയിലിരിക്കണം...
  രാത്രിയിൽ പാരിജാതം പൂക്കുമ്പോൾ കാറ്റു കൊണ്ടുവരുന്ന സുഗന്ധത്തിനായി വാതിലുകളും ജനലുകളും തുറന്നിടണം...
  ആരെയും പേടിക്കാതെ ആ ലോകത്തു രാവും പകലും അലഞ്ഞു നടക്കണം...
  ഈറൻ മണക്കുന്ന വീടിന്റെ ഓരോ ഇടങ്ങളിലും...
  തൊടിയിൽ...
  കുളക്കടവിൽ...
  പടിപ്പുരയിൽ...
  ഒക്കെയും...
  ഞാൻ ഒറ്റയ്ക്ക്...
  ഞാൻ മാത്രമായി...
  എനിക്കെന്നോ നഷ്ടപ്പെട്ട ഞാനായി...
  അങ്ങനെ ജീവിക്കണം.....
  ഒടുവിൽ ഒരുനാൾ മരണമെത്തുമ്പോൾ
  ആ തൊടിയിൽ അരിമുല്ലയും ചെമ്പകവും പാരിജാതവും ഇലഞ്ഞിയും ഒരുമിച്ചു പൂക്കുന്ന ഒരിടത്തു കിടക്കണം...

  മരണം പതിഞ്ഞ പാദങ്ങളുമായ് വരുന്നത് കേൾക്കണം...
  ഒരു ഉറക്കത്തിലെന്നപോലെ മരിക്കണം...
  മരങ്ങൾ പൂക്കളാൽ എന്നെ മൂടും...
  വേരുകൾ എന്നെ മണ്ണോടു ചേർത്തു പുൽകും...
  പിന്നെ വരുന്ന മഴയിൽ ഞാൻ മണ്ണോടു അലിഞ്ഞു ചേരും...
  എന്റെ ശരീരം അഴുകില്ല...
  പൊടിഞ്ഞു ചേരും...
  എന്നെ മണക്കുന്ന കാറ്റിനു അപ്പോഴും പൂക്കളുടെ ഗന്ധമായിരിക്കും....
  കാലങ്ങളോളം അവിടെ ഞാനുണ്ടാകും...
  കാറ്റായും മഴയായും...
  ശ്വാസമായും...
  പിന്നെയൊരിക്കൽ ഞാനൊരു മരമാകും...
  എന്റെ വേരുകൾ ആ വീടിന്റെ അടിത്തറയിലുടക്കും...
  ജീർണ്ണിക്കാതെ തന്നെ ആ വീട് തകർന്നു വീഴും...
  അതിൽ നിന്നും വളമൂറ്റി ഞാൻ തഴച്ചു വളരും...
  എനിക്ക് മേൽ കിളികൾ കൂടു കൂട്ടില്ല...
  മഴയും വെയിലുമേറ്റ് എക്കാലവും ഏറ്റവും സുന്ദരമായ പൂക്കൾ വിരിയിച്ചു ഞാൻ അവിടെത്തന്നെ ഉണ്ടാകും....
  കൽപ്പാന്തകാലത്തോളം...
  അങ്ങനെ...
  അങ്ങനെ....
  ©akshay_pangottil

 • akshay_pangottil 19h

  എന്റെ ജീവനായ പ്രണയമേ,,,,,
  സ്വപ്‌നങ്ങൾ കഥപറയുന്ന നിന്റെ മുഖം നോക്കിയിരിക്കാൻ ഒരിക്കൽ ഞാൻ വരും..!
  രാത്രിയുടെ യാമങ്ങളെ തോൽപ്പിച്ചുകൊണ്ട് എന്റെ മഞ്ഞുപോലുള്ള ചിറകുകൾ വീശി പറന്നുവരും നിന്റെ അരികിൽ.....!
  നിദ്ര നിന്നെ പുല്കിയ യാമങ്ങളിലൊന്നിൽ എനിക്ക് നൂഴ്ന്നു കയറണം നിന്റെ പുതപ്പിനടിയിൽ......!
  എന്നിട്ടു നിന്റെ ചെവിയിൽ പറയണം....
  എന്റെ പ്രണയമേ, ഇതാ ഞാൻ വന്നിരിക്കുന്നു...

  "മരണം എന്നെ കവർന്നെടുത്താലും ഞാൻ
  വരും നിന്നരികിൽ...."

  പലപ്പോഴായി ഞാൻ നിന്നോട് പറഞ്ഞിട്ടുള്ള ഈ വാക്കു പാലിക്കുവാൻ....!
  എന്റെ ആത്മാവിന്റെ ചൂടുപകർന്ന് ഞാൻ നിനക്കായി കൊണ്ടുവന്ന നക്ഷത്രങ്ങൾതുന്നിയ പുതപ്പ് നിന്നെ പുതപ്പിച്ച്....
  പുലരി കൺതുറക്കും മുൻപേ എനിക്ക് വിടവാങ്ങണം.....
  ©akshay_pangottil

 • akshay_pangottil 20h

  നീ കൂടെയില്ലാത്ത -
  പകലുകളോട്‌ പിണങ്ങി ഇരിപ്പാണു...
  ഇരുട്ടിലെവിടെയോ
  നിന്നെയൊളിപ്പിച്ച്‌
  രാത്രിയും എന്നെ
  പറ്റിക്കുന്നു..!
  ©akshay_pangottil

 • akshay_pangottil 21h

  എനിക്കും നിനക്കും ഇടയിൽ വാക്കുകൾ ചുരുങ്ങി ചുരുങ്ങി ആഴമേറിയ ഒരു കിണറിന്റെ ഹൃദയം അലറും പോലെ...
  മേലേയെത്തും മുൻപേ വായുവിൽ അലിഞ്ഞു ഇല്ലാതെയാവുന്ന ഒരു കരച്ചിൽ...
  പതിയെ പതിയെ അതും നിലക്കും...
  താഴിട്ടു പൂട്ടി വച്ച വാക്കുകളുടെ ഉള്ളറകൾ തുറക്കുമ്പോയേക്കും ഹൃദയം നിശബ്ദമായിരിക്കും...
  ആ കരച്ചിൽ അവസാനിക്കും.
  ©akshay_pangottil

 • akshay_pangottil 21h

  എന്റെ പ്രാണൻ ഉരുക്കി വേവിച്ചോരു സ്നേഹം നീ ഭക്ഷിക്കുക...
  പകരം ഒരിത്തിരി എച്ചിലെങ്കിലും ആ ഹൃദയത്തിൽ എനിക്കായി കരുതുക...
  ©akshay_pangottil

 • akshay_pangottil 22h

  " എന്താണ് സ്നേഹം ??? ഒന്ന് നിർവചിക്കാമോ... "

  അവൻ താടിക്കാരനോട് ചോദിച്ചു

  കുറച്ചു നേരത്തെ മൗനത്തിനു ശേഷം താടിക്കാരൻ മറുപടി പറഞ്ഞു

  " ഒറ്റവാക്കിൽ ഞാൻ പറഞ്ഞാൽ അതിന്റെ നിർവചനം സ്വാർത്ഥത ആണെന്ന് ഞാൻ പറയും "

  അവൻ ചോദിച്ചു

  " അത് എങ്ങനെ ??? "

  താടികാരൻ തുടർന്നു

  " നമുക്ക് ഒരാളോട് സ്നേഹം തോന്നുന്നത് നമുക്ക് വേണ്ടി അല്ലേ ???
  സ്നേഹിക്കാൻ അറിയില്ലെന്ന് പറയുന്ന ഇയാൾ ഒന്ന് പറ "

  അവൻ പറഞ്ഞു...

  " വലിയ എഴുത്തുക്കാർ അറിവ് കൂടിയവർ ഒക്കെ പറയും ഭൂമിയിൽ ജീവന്റെ അടിസ്ഥാനം സ്നേഹം ആണെന്ന് ഒക്കെ "

  താടിക്കാരൻ പെട്ടന്ന് ചാടി എണീറ്റ് അവന്നോട് പറഞ്ഞു

  " തേങ്ങാകുലയാണ്...
  മനുഷ്യൻ എന്ന മൃഗത്തിന്റെ അടിസ്ഥാനം സ്വാർത്ഥതയാണ്...
  ഞാൻ... എനിക്കു... എന്റെ... അങ്ങനെ പോവും... "

  അവൻ ഒന്ന് തലയാട്ടികൊണ്ട്

  " മ്മ് "

  കുറച്ചു നേരത്തെ മൗനത്തിന് ശേഷം താടിക്കാരൻ പോകാൻ നേരം വീണ്ടും പറഞ്ഞു

  " ശുദ്ധമായ മനസ്സോടെ ഒരിക്കലും ഈ ഭൂമിയിൽ ജീവിക്കരുത്...തോറ്റു പോവും "
  ©akshay_pangottil

 • akshay_pangottil 1d

  ഒരു നീണ്ട വഴിയിൽ വച്ചു അവർ കണ്ടു മുട്ടി...
  അവൾ ജീവിതത്തിലേക്കാണ് നടന്നു കൊണ്ടിരുന്നത്...
  അവൻ മരണത്തിലേക്കും...
  ഒരുമിച്ചു സംസാരിച്ചു കുറെ നടന്നു...
  അവൾ ജീവിതത്തിലേക്ക് അവനെ ക്ഷണിച്ചില്ല...
  അവൻ മരണത്തിലേക്കും...
  നീണ്ട വഴി കഴിഞ്ഞു...
  ഇനി പിരിയാനുള്ള പാത...
  പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു... പിരിയുമ്പോൾ അവൾ അവന്റെ നെറുകയിൽ ചുംബിച്ചിരുന്നു...
  അവനൊന്നും തിരിച്ചു കൊടുത്തില്ല...
  നനഞ്ഞ കണ്ണുകൾ അവളെ നിസ്സഹായയായി നോക്കുക മാത്രം ചെയ്തു...
  പിന്നെ അവന്റെ വഴിയിലെ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു...
  അവൾ വെളിച്ചത്തിലെ അവളുവളുടെ നിഴലിനെ സ്വന്തമാക്കി നടന്നു...
  ©akshay_pangottil

 • akshay_pangottil 1d

  ഇന്നലെ താടിക്കാരൻ എന്നോട് ഒരു കഥ പറഞ്ഞു.

  ഒരിക്കൽ ഒരു അന്ധൻ കാട്ടിലൂടെ നടക്കുകയായിരുന്നു.
  നടന്നു തളർന്നു ഒരു മരചുവട്ടിൽ ഇരിക്കുകയായിരുന്നു.
  പെട്ടെന്ന് അയാളുടെ കൈകുമ്പിളിൽ യാദൃശ്ചികമായി ഒരു കാക്ക വന്നു വീണു.
  ആ പക്ഷി അയാളുടെ കൈകളിൽ ചേർന്നിരുന്നു.
  അയാൾ പക്ഷേ അതിനെ തട്ടി തെറിപ്പിച്ചു. എന്താണെന്ന് പോലും നോക്കിയില്ല.
  ഒന്ന് തലോടി നോക്കിയിരുന്നുവെങ്കിൽ അതൊരു നല്ല പക്ഷി ആണെന്ന് തോന്നിയിരുന്നുവെങ്കിൽ അതിനെ കളയില്ലായിരുന്നു...
  ഒന്ന് നോക്കുക പോലും ചെയ്യാതെ ദൂരെക്ക് തട്ടി തെറിപ്പിച്ചു
  ©akshay_pangottil

 • akshay_pangottil 1d

  ഒരു ചിലന്തി നെയ്യുന്ന വലയാണ് ജീവിതം...
  ആ വലയിൽ പാകിയ നൂലുകളാണ് നിമിഷങ്ങൾ...
  ചിലന്തിക്കും വലയ്ക്കുമിടയിൽ നാം കാണുന്നതാണ് ഈ വർത്തമാനകാലം...
  വലയിലേക്ക് പറന്നടുക്കും മുൻപ് സ്വാതന്ത്ര്യത്തിന്റെ വസന്തകാലമായിരുന്ന ഇന്നലെകൾ ഘോഷിക്കപ്പെട്ടു കഴിഞ്ഞ നിമിഷങ്ങൾ...
  ©akshay_pangottil

 • akshay_pangottil 1d

  കൊഴിഞ്ഞു താഴെ വീഴുമെന്നറിഞ്ഞിട്ടും
  കാറ്റിനെ പുണരുന്ന പൂവേ...
  നിന്നുള്ളിൽ ആ നേരം വിരിയുമൊരു ഭാവം വിരഹമോ അതോ പ്രണയ സാഫല്യമോ...?
  ©akshay_pangottil