Grid View
List View
Reposts
 • iamanandu 12w

  അകലം

  ഏറെനാളായെൻ മനമേ...
  നിന്നിൽ നിന്നും ശിഥിലമാകാനാശിച്ച -
  കനവാണവൾ.

  ഒരിക്കൽ ഉയിരായി കൂടെനിന്നവൾ
  മിഴിത്തുമ്പാൽ മൊഴികൾ
  കൈമാറിയോൾ
  ഒടുക്കമകലേക്കെൻ ഉള്ളുലച്ചു-
  കടന്നു പോയവൾ
  അറിയുക നീ ഈ-
  അവസാനനിമിഷമെങ്കിലും...

  നീയുള്ളിടം എന്റെ സ്വർഗ്ഗമല്ലേ
  ഇന്നേരവും ആ ഇടം, സ്വപ്നമല്ലേ
  ©iamanandu

 • iamanandu 17w

  No words to describe the immense effect it caused to my heart..
  Just dreaming about a wonderful web series on the Siva Triology

  Read More

  .

 • iamanandu 19w

  മൗനരാഗി

  മൗനരാഗി നീ പറഞ്ഞതില്ലെങ്കിലും
  കേട്ടുഞാനൊരായിരം
  പ്രണയകല്പനകൾ നിൻ ലോലമാം -
  മിഴിതുടിപ്പുകളിൽ നിന്നെന്റെ
  ഹൃദയം പരക്കെ പ്രവഹിക്കുമാ
  മൊഴികളായി.....
  ©iamanandu

 • iamanandu 19w

  ഇവിടം ��
  Part 6

  വൈശാലിയുടെ വീടിനുമുന്നിലെത്തിയ അഭിയുടെ മനസ്സ് ചിന്താഭാരത്താൽ കലുഷിതമായിരുന്നു..
  കാലത്തെ മുൻകൂട്ടി ഗണിക്കുവാൻ പ്രാപ്തിയില്ലാത്തപക്ഷം ഇത്തരമൊരു സന്ദർഭത്തിൽ ഏതൊരാളും അങ്ങനെതന്നെ ആയിരിക്കുമല്ലോ...

  വൈശാലിയുടെ അമ്മ അഭിയോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു
  " നിങ്ങളെ പറ്റിയെല്ലാം അവളെപ്പോഴും പറയും... എന്തു പറയാനാമോനെ അവളാകെ മാറിപ്പോയി... ആരോടും ഒന്നും സംസാരിക്കാറില്ല... മുറിക്കുള്ളിലെപ്പോഴും തനിച്ചിരിക്കും, സ്റ്റെഫിയുടെ മരണം, പാറൂന്റെ ( പെട്ടെന്ന് വാക്കുകൾക്ക് തടസ്സമിട്ട് )... അല്ല... വൈശാലിയുടെ മാനസികനില ആകെ തെറ്റിച്ചു... മോനൊന്നവളോട് സംസാരിച്ചു നോക്ക്... അവള് മുകളിലെ മുറിയിലുണ്ട്.... "

  പടികൾ കയറി അഭി അവളുടെ മുറിയുടെ മുന്നിലെത്തി... പാതിചാരിയ വാതിൽ തുറന്നപ്പോൾ... വൈശാലി കട്ടിലിൽ ഉറങ്ങുന്നതാണ് അവൻ കണ്ടത്.
  അവളുടെ മാറ്റം അഭിയെ കുറച്ചധികം വിഷമത്തിലാക്കി.

  പാറിപ്പറക്കുന്ന മുടിയിഴകൾ, കറുപ്പുപടർന്ന കൺപോളകൾ, ഒട്ടിയ കവിളുകൾ, വിണ്ടുകീറിയ ചുണ്ടുകൾ, മെലിഞ്ഞുണങ്ങി ശുഷ്കമായ ശരീരം... ഒക്കെ കൂടെ അവളെ, ചിതലരിച്ചയേതോ പുരാതനശില്പം പോലെ തോന്നിപ്പിച്ചു.

  സ്ഥാനം തെറ്റിക്കിടന്ന അവളുടെ വസ്ത്രം അഭി നേരെയിട്ടു... പിന്നെ, മെല്ലെ അവളെ വിളിച്ചു....
  കണ്ണുകൾ തുറന്ന വൈശാലി അഭിയെകണ്ടു സ്തബ്ധയായി...

  "കാത്തിരിക്കുവാനിനി ആരുമില്ലല്ലോ, ഇനി എങ്കിലും നിനക്കെന്റെയൊപ്പം വന്നുകൂടെടോ.. "

  അവൾ അഭിയുടെ കണ്ണുകളിലേക്കു നിസ്സഹായയായി നോക്കി

  " അഭി.... നീയന്നെന്നോട് പറഞ്ഞിരുന്നില്ലേ സ്റ്റെഫിയെ നിനക്ക് വർഷങ്ങളായി അറിയാമെന്ന്... സത്യത്തില് നിനക്കെന്തറിയാം... നിനക്കൊന്നുമറിയില്ല അഭി..., അവളെ നീ അറിയുവാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ന് നിന്റെ ഭാര്യയായി അവളുണ്ടാകുമായിരുന്നു. "

  Read More

  അഭിയുടെ കണ്ണുകൾ ഞെട്ടിത്തരിച്ചു

  " അവൾക്കു നിന്നെ ഒരുപാടിഷ്ട്ടമായിരുന്നു... ജീവനായിരുന്നു.. ഇന്നും ഇന്നലേയും തുടങ്ങിയതല്ല, കോളേജിലുവച്ചിട്ടേ അവള് നിന്നെ പ്രണയിച്ചിരുന്നു അഭി... നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ്,  നിന്നോടൊപ്പം ചേരുവാൻ വേണ്ടിയാണ് വളരെ കഷ്ടപ്പെട്ട് നിനക്കാ ജോലി ശെരിയാക്കി അവളുടെ എടുക്കലെത്തിച്ചത്... ഇഷ്ട്ടം തുറന്നുപറഞ്ഞാൽ നിന്നെ നഷ്ടപ്പെടുമോ എന്ന ഭയം കാരണമാട അവളെല്ലാം മറച്ചുവച്ചത്...
  പിന്നെ, നീ കരുതും പോലെ സ്റ്റെഫി ആയിരുന്നില്ല ഞാനായിരുന്നു ഞങ്ങളുടെ ബന്ധത്തിന് കാരണം..
  എല്ലാം അറിഞ്ഞുവെച് ഞാനവളെ എന്നിലേക്കടിപ്പിച്ചു...
  ആദ്യം അവളോട്‌ പ്രണയം തുറന്നുപറഞ്ഞതും, കെട്ടിപ്പുണർന്നതും, ചുംബിച്ചതും, നിന്നിൽനിന്നവളെ അകറ്റിയതും ഞാനായിരുന്നു... എന്റെ സ്വാർത്ഥതക്കുവേണ്ടിയായിരുന്നു..
  നിനക്കവളെ നഷ്ടപ്പെടാനുള്ള കാരണം ഞാനായിരുന്നു അഭി... ഇനി പറ, ഞാൻ നിന്നെ പ്രണയിക്കാണോ? ... നിന്നെ വിവാഹം കഴിക്കണോ?... നിന്റെ കിടക്കപങ്കിടണോ?... നീ പറ... "

  പൊട്ടിക്കരഞ്ഞുകൊണ്ട്‌ വൈശാലി അഭിയെ കെട്ടിപ്പിടിച്ചു... അഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ( അവസാനിച്ചു )
  ©iamanandu

 • iamanandu 19w

  ഇവിടം ��
  Part 5

  ഫോൺകാൾ അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നായിരുന്നു.

  കാൾ കട്ടായതും അഭിയുടെ ശരീരമാസകലം വിറക്കുവാൻ തുടങ്ങി...
  മുഖമാകെ വിയർപ്പുതുള്ളികൾ നിറഞ്ഞു...
  പരവേശവും, പരിഭ്രമവും അവന്റെ ഹൃദയത്തുടിപ്പുകളിൽ താളപ്പിഴകൾ വരുത്തുന്നതായി അനുഭവപ്പെടുത്തി.

  സ്റ്റെഫിയും, വൈശാലിയും പോയ കാർണിവലിൽ ജനബാഹുല്യം കാരണം തിക്കും തിരക്കുമുണ്ടായി... പലയാളുകൾക്കും പരുക്ക്പറ്റി, ചിലരൊക്കെ മരണപ്പെട്ടു, സ്റ്റെഫിക്കു ഗുരുതരമായി പരുക്കേറ്റു...
  ഹോസ്പിറ്റലിൽ നഴ്സിന് വൈശാലി കൊടുത്ത നമ്പർ അഭിയുടെതായിരുന്നു...

  യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയ അഭി, പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറി, ബൈക്കെടുത്തു ഹോസ്പിറ്റലിലേക്ക് കുതിച്ചു....
  അവിടെയെത്തിയപ്പോൾ കണ്ടകാഴ്ച്ച അവനെ നിശ്ചലനാക്കിക്കഴിഞ്ഞിരുന്നു.

  ആംബുലൻസുകൾ നിർത്താതെ വന്നുപോയിക്കൊണ്ടിരുന്നു..
  മണ്ണും രക്തവും പറ്റി കറുത്തനിറമാർന്ന ശരീരങ്ങൾ സ്‌ട്രെച്ചറിൽ ഹോസ്പിറ്റലിനുള്ളിലേക്കു കൊണ്ടുപോയിക്കൊണ്ടേയിരുന്നു...

  ഭയചകിതമായ അന്തരീക്ഷം കൂടുതൽ കടുപ്പിക്കാനെന്നോണം വേദനസഹിക്കുവാൻ കഴിയാത്ത ആളുകളുടെ അലമുറകൾ മുഴങ്ങികേട്ടുകൊണ്ടിരുന്നു.

  വെള്ളത്തുണിയിൽ പൊതിഞ്ഞ ശവശരീരങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്ന പ്രധാന ഭാഗത്തേക്ക്‌ അവൻ കയറിചെന്നു..
  അഭി അവിടമാകെ വൈശാലിയെയും സ്റ്റെഫിയെയും തിരഞ്ഞു... അവസാനം നീണ്ട വരാന്തയുടെ അങ്ങേ കോണിൽ നിശബ്ദയായി തലകുനിച്ചിരിക്കുന്ന വൈശാലിയെ അഭി കണ്ടു.

  അടുത്തേക്കവൻ ഓടിച്ചെല്ലുന്നതു മുഖം ചെറുതായി ഉയർത്തി അവൾ കണ്ടു..അടുത്തെത്തിയ അഭിയെ കെട്ടിപ്പിടിച്ചു ഏറെനേരമവൾ പൊട്ടിക്കരഞ്ഞു..

  എന്തു ചെയ്യണമെന്നറിയാത്ത ആ നിമിഷത്തിൽ 'സ്റ്റെഫി ' എവിടെയെന്ന് അവൻ പതിയെ ചോദിച്ചു.
  ചോദ്യമവസാനിച്ചതും തൊണ്ടപൊട്ടുമാറവൾ അലമുറയിട്ടതും ഒരുമിച്ചായിരുന്നു

  Read More

  സ്റ്റെഫിയിനിയില്ല... മുൻപ് കണ്ട വെള്ളപുതച്ച മൃതശരീരങ്ങളിൽ ഒന്നവളാണ്.. വൈശാലിക്ക് ബോധക്ഷയമുണ്ടായി അഭി അവളെ കോരിയെടുത്ത്‌ ഡോക്ടറിന്റെ അടുക്കലേക്കോടി..

  ------------------------------------------------------------

  എല്ലാം കഴിഞ്ഞ് ഇന്ന് കൃത്യം ഒരുമാസമായിരിക്കുന്നു, നാട്ടിലേക്കുപോയ വൈശാലി പിന്നീട് തിരികെയെത്തിയതേയില്ല.

  യാന്ത്രികമായ ദിനങ്ങൾ, നിർവികാരതയുടെ നാളുകൾ, നിശബ്ദതയുടെ താഴ്‌വാരങ്ങൾ... മരണമൊരടങ്ങാത്തആഘാതമാണ്... സമനില തെറ്റിക്കുന്ന നമ്മളെനമ്മളിലേക്കുതന്നെ ചുരുക്കുന്ന വലിയൊരാഘാതം

  അന്ന് ജോലികഴിഞ്ഞുറൂമിലെത്തിയ അഭി കുറേ നേരം വെറുതെയിരുന്നു, ചിന്തകളിലിടക്കിടക്കു വൈശാലി വീണ്ടും കടന്നുവന്നു... നാട്ടിൽ പോയി അവളെ കാണാനും.. തന്നോടുചേർക്കാനും അവൻ തീരുമാനമെടുത്തു...
  പിറ്റേദിവസം തന്നെ അവൻ നാട്ടിലേക്ക് തിരിച്ചു... (തുടരും.. )
  ©iamanandu

  [അവസാനഭാഗം നാളെ ]

 • iamanandu 19w

  ഇവിടം ��
  ഭാഗം 4

  ഒരുപാടുനേരം ഞാൻ റൂമിനുള്ളിരുന്നു കരഞ്ഞു.
  നക്ഷ്ട്ടപ്പെട്ടതിലുള്ള വേദന ആയിരുന്നില്ല എന്നെ കൂടുതൽ തളർത്തിയത് . അവളെ നക്ഷ്ട്ടപ്പെടുത്തിയ സാഹചര്യമായിരുന്നു.
  എന്നെ ഇഷ്ടമാണെന്നോ, അല്ലെന്നോ ഒന്നും വൈശാലി പറഞ്ഞില്ല... പക്ഷെ, അവൾ തന്ന മറുപടി മുൻപെങ്ങും സംഭവിക്കാത്തവിധം എന്റെ മനസ്സിനെ ആകെ തച്ചുടച്ചുകളഞ്ഞിരുന്നു..

  ഏറെനേരത്തിനുശേഷം റൂം തുറന്നുവെളിയിലിറങ്ങിയ ഞാൻ കണ്ടത് സോഫയിൽ കിടന്നുറങ്ങുന്ന വൈശാലിയെ ആണ്..

  ഞാനവളുടെ അടുത്തുചെന്നിരുന്ന് മെല്ലെ വിളിച്ചു...
  ക്ഷീണംബാധിച്ച കൺപോളകൾ ചെറിയൊരു വിറയലോടുകൂടി തുറന്നു.

  "എടി... ഇന്നിവിടെ സംഭവിച്ചത് സ്റ്റെഫി അറിയണ്ട, ഞാൻ പ്രണയാഭ്യർത്ഥന നടത്തിയതും, നിങ്ങളുടെ ബന്ധത്തെപ്പറ്റി ഞാനറിഞ്ഞതും ഒന്നും.... പക്ഷെ ഒന്നുമാത്രം നീയോർത്തുവെച്ചോ.. നിനക്ക് സ്റ്റെഫിയെ കുറച്ചുമാസത്തെ പരിചയമേ ഒള്ളൂ... എന്നാൽ, എനിക്ക് വർഷങ്ങളായി അവളെ അടുത്തറിയാം "

  നിർവികാരമായ അവളുടെ നോട്ടത്തിൽ മനംനൊന്ത് വീണ്ടും ഞാൻ റൂമിനുള്ളിൽ കയറി വാതിലടച്ചു...

  അന്നുമുതൽ ഇതാ ഈ നിമിഷംവരെ എനിക്കൊന്നുറപ്പായിരുന്നു.

  വൈശാലിയെ, സ്റ്റെഫി ഈ ബന്ധത്തിലേക്ക് തള്ളിയിട്ടതാണ്.
  ഒരുമിച്ചുള്ള താമസവും, സുഹൃത്ബന്ധം സൃഷ്ട്ടിക്കലുമെല്ലാം ഇങ്ങനെയൊരു ബന്ധത്തിലേക്ക് വൈശാലിയെ കൊണ്ടുവന്നെത്തിക്കുവാൻ അവൾ ബോധപൂർവം നിർമ്മിച്ചെടുത്ത പുകമറ മാത്രമായിരുന്നു.

  വൈശാലിയെ പോലെ നാട്ടിൻപുറത്തെ നിഷ്കളങ്കതയിൽനിന്ന് ഈ തിരക്കുപിടിച്ച ജീവിത രീതികളിലേക്ക് കയറിവന്ന പെൺകുട്ടിയെ വരുതിയിലാക്കുവാൻ സ്റ്റെഫിയെ പോലുള്ള ഒരുവൾക്കു വളരെയെളുപ്പമുള്ള കാര്യമാണ്.
  ഒരു പക്ഷെ വൈശാലിയുടെ ആകുലതകളും, അങ്കലാപ്പുകളും സ്റ്റെഫി ഉപയോഗപ്പെടുത്തിയിരിക്കാം....

  ദിനങ്ങൾ വീണ്ടും കടന്നുപോയി... മുൻപത്തെപോലെ ഞാൻ വൈശാലിയോട് സംസാരിക്കാതെയായി.
  ഒരു സുരക്ഷിത അകലം സ്റ്റെഫിയുമായും ഞാനിട്ടു...
  ഒരു സുഹൃത്തെന്ന നിലക്ക് സ്റ്റെഫിയെ കാണുവാൻ എനിക്ക് പറ്റാതെയായി.

  Read More

  എന്നാൽ, പഠിത്തം കഴിഞ്ഞ് എന്ത്ചെയ്യണമെന്നറിയാതെ ജീവിതം വഴിമുട്ടിനിന്നയെനിക്ക് ഒരു ജോലി ശെരിയാക്കിത്തന്ന, താമസിക്കാൻ ഈ ഇടം തന്ന തോളിൽ കയ്യിട്ടുനടന്ന അവളെ വെറുപ്പിച് ഇവിടം വിട്ട് പോകുവാൻ ഞാൻ ഒരുക്കമായിരുന്നില്ല.

  ഇന്നീ പുതുവത്സരദിനത്തിൽ അവർ പോയ കാർണിവലിന്റെ ടിക്കറ്റ് സ്റ്റെഫി എനിക്കും book ചെയ്തിരുന്നു... പക്ഷെ തലവേദനയാണെന്നു കള്ളം പറഞ്ഞു ഞാൻ പോകാതെയിരുന്നു.

  ഇന്നവരുടെ ദിനമാണ്, ആൾക്കൂട്ടത്തിനിടയിൽ പ്രണയബദ്ധരായി ഉന്മാദത്താൽ കെട്ടിപ്പുണർന്നു ചുംബിച്ചു പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്ന അവരെ ഇതാ ഈ മുറിയിൽ, ഈ ജനാലക്കരികിൽ, ഈ ഡയറിയുടെ മുന്നിൽ ഇരുന്ന് ഞാൻ കണ്മുന്നിലെന്നപോലെ കാണുന്നു....

  പെട്ടെന്ന് ശബ്‌ദിച്ച മൊബൈൽ അഭിയുടെ ചിന്തകളെ തെല്ലൊന്നു തടസ്സപ്പെടുത്തി.. അതിനാൽ തന്നെ കുറച്ചു ദേക്ഷ്യത്തോടുകൂടി അവൻ ആ ഫോൺകാൾ അറ്റൻഡ് ചെയ്തു..

  മറുതലക്കൽ കേട്ട ശബ്ദം അവന്റെ കണ്ണുകളിൽ ഭയത്തിന്റെ വിത്തുകൾ പാകി..... (തുടരും... )
  ©iamanandu

 • iamanandu 19w

  ഇവിടം ��
  ഭാഗം 3

  കപ്പുനിറയെ ചൂട് കഞ്ഞിയുമായി ഞാൻ അവളുടെ റൂമിലേക്ക്‌ കടന്നുചെന്നു.

  അപ്പോഴും ക്ഷീണിതയായി വൈശാലി കമിഴ്ന്നുകിടക്കുകയായിരുന്നു.
  ഞാൻ റൂമിലേക്ക്‌ ചെന്നതോ, അടുത്തിരുന്നതോ അവൾ അറിയുകകൂടിചെയ്തില്ല.

  എന്നാൽ, എന്റെ പുറം കൈ പതിയെ നെറ്റിയിൽ തൊട്ടപ്പോൾ അവൾ കണ്ണുകൾ തുറന്നു.

  " ചൂടിപ്പോ കുറച്ച് കുറവുണ്ടല്ലോ... ഇനി ഈ കഞ്ഞി കൂടി കുടിച്ചാൽ ഉഷാറാകും...

  അവളെന്റെ കണ്ണുകളിലേക്കു നോക്കിയൊന്നു ചിരിച്ചു.
  പിന്നെ അല്പ്പം പണിപ്പെട്ടെഴുന്നേറ്റ് തലയിണയിലൂന്നി കട്ടിലിലിരുന്നു കഞ്ഞി കോരി കുടിച്ചു.

  "നീയിന്നെന്തേ പോകാഞ്ഞത്?... "

  "എന്തോ.. പോകാൻ തോന്നിയില്ല... "

  ഞാനവളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു.
  കണ്ണിലേക്കൂർന്നുവീഴുന്ന മുടിയിഴകൾ പല തവണ അവൾ നീക്കിമാറ്റുന്നുണ്ടായിരുന്നു.

  ഏറെ നേരം നിശബ്ദനായി ഞാനിരിക്കുന്നതു ശ്രദ്ധിച്ചിട്ടാവണം...
  അവളെന്നോട് പതിയെ ചോദിച്ചു.

  "നീയെന്താ മിണ്ടാതെയിരിക്കുന്നത്, എന്തെങ്കിലും പറ....

  "എനിക്ക് നിന്നോട് പ്രണയമാണെന്നതിൽകവിഞ്ഞു മറ്റൊന്നും ഈ നിമിഷം പറയുവാനില്ല വൈശാലി.......

  എന്റെ മറുപടി അവളുടെ മുഖത്തുഞെട്ടലുണ്ടാക്കിയത് ഞാൻ കണ്ടു.
  അല്പനേരം മ്ലാനിയായിരുന്നിട്ട് വീണ്ടും എന്നെ ഒന്ന് നോക്കി...

  "നിന്നിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചതേയില്ല അഭി..."

  യാതൊരു വിധ ഭാവവ്യത്യാസങ്ങളും കൂടാതെ ഞാനതിനുമറുപടി നൽകി.
  " അല്ലെങ്കിൽ തന്നെ പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ ഇവിടെ നടക്കുന്നത് !"

  Read More

  "അതെന്താ അഭി... നീ അങ്ങനെ പറഞ്ഞത്? "

  ഒരു നിമിഷമൊന്നാലോചിച്ചതിനുശേഷം ഞാൻ വീണ്ടും തുടർന്നു...
  " എനിക്കിത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല പക്ഷെ,... ഇനിയെങ്കിലും ചോദിച്ചില്ലെങ്കിൽ ശെരിയാകില്ല... നീയും, സ്റ്റെഫിയും തമ്മിലെന്താണ് ബന്ധം... കുറേ നാളായി ഞാൻ ശ്രദ്ധിക്കുന്നു... "

  ആ ചോദ്യം എന്നിൽനിന്നവൾ പ്രതീക്ഷിച്ചിരുന്നു...
  " ഓ... അതാണോ കാര്യം, നിനക്കതു മനസ്സിലാകില്ല അഭി. നിനക്കെന്നല്ല ആർക്കും മനസിലാകില്ല... എനിക്കവളും അവൾക്കുഞാനുമില്ലാതെ ഇനി ജീവിക്കാൻ കഴിയില്ല... ഇതിൽ കൂടുതൽ എങ്ങനെ പറയണമെന്നെനിക്കറിയില്ല... അവളെന്നെ പ്രണയിക്കുന്നു അഭി, ഞാനവളെയും... "

  എന്റെ ജീവൻ തന്നെ എന്നിൽ നിന്ന് നഷ്ട്ടപ്പെടുന്നതുപോലെ ആ നേരമെനിക്കനുഭവപ്പെട്ടു...മരണം മുന്നിലെത്തിയതുപോലെ... ഹൃദയം ഒരായിരം ഭാഗങ്ങളായി നുറുങ്ങിയതുപോലെ... ഞാനലിഞ്ഞില്ലാതായതുപോലെ.. (തുടരും... )
  ©iamanandu

 • iamanandu 20w

  ഇവിടം ��
  Part 2

  അന്ന് ഞാൻ സാധാരണയിലും നേരുത്തേ തന്നെ ജോലികഴിഞ്ഞ് റൂമിലെത്തിയിരുന്നു.
  കുളിച്ചു ഡ്രസ്സ്‌മാറി ഹാളിൽ ടീവീ കണ്ടുകൊണ്ടിരിക്കുന്ന വേളയിലാണ് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്.

  സ്റ്റെഫിയെത്തുന്ന സമയം ആയതിനാൽ അവൾതന്നെയാകുമെന്നുറപ്പിച്ചു ഡോർ തുറന്ന എനിക്ക് തെറ്റിയില്ല, എന്നാൽ തെറ്റിയത് മറ്റൊരിടത്താണ്,

  സ്റ്റെഫിയുടെ പിന്നിൽ തലതാഴ്ത്തി നാണത്തോടെ നിന്ന അവളെ ഞാനാദ്യമായി കണ്ടു....... വൈശാലി !
  സ്റ്റെഫി അവളെ എനിക്ക് പരിചയപ്പെടുത്തി.

  " എടാ... ഇത് വൈശാലി, എന്റെ കമ്പനിയില് പുതുതായിട്ട് വന്നതാണ്. മാത്രവുമല്ല എന്റെ നാട്ടുകാരി കൂടിയാണ്... ഇവിടെ എന്റെ കൂടെ നിൽക്കുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.. നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

  തൊടുപുഴയിലെ ഒരു കർഷക കുടുംബത്തിൽ നിന്ന് ഈ നഗരത്തിന്റെ തിരക്കുകളിലേക്ക് പറിച്ചു നടുവാൻ കാത്തുനിന്ന വൈശാലിയെ ഞാൻ കണ്ണിമവെട്ടാതെ നോക്കി നിന്നു,
  തടസ്സമായി സ്റ്റെഫിയുടെ ചോദ്യമെത്തിയപ്പോൾ ചിന്തകൾക്ക് തെല്ലൊരിടവേള നൽകി ഞാൻ മറുപടി പറഞ്ഞു.

  " എനിക്കൊരു ബുദ്ധിമുട്ടുമില്ലെടി... അവളിവിടെ നിന്നോട്ടെ, അതാകുമ്പോ നീയും കൂടെയുണ്ടല്ലോ... മാത്രവുമല്ല പെട്ടെന്ന് ഇവിടുത്തെ സാഹചര്യങ്ങളോടൊക്കെ ഇണങ്ങാൻ ഒരു കൂട്ടുള്ളത് എപ്പോഴും നല്ലതാ...

  "ഹലോ... വൈശാലി, ഞാൻ അഭിനവ്... ഇവിടെ തന്നെയാണ് താമസിക്കുന്നത്... സ്റ്റെഫി പറഞ്ഞിട്ടുണ്ടാവുമല്ലോ.. "

  ഞാൻ നീട്ടിയ കരങ്ങളിൽ തെല്ലൊരു മടിയോടെ അവൾ തൊട്ടു..
  കൈകളിൽ നിന്ന് മനസ്സിലേക്കൊരു വൈദ്യുതപ്രവാഹം കടന്നുപോയത് ആശ്ചര്യത്തോടെ ഞാൻ തിരിച്ചറിഞ്ഞു.

  എനിക്കൊരു കാലവും തോന്നാത്ത എന്തോ ഒന്ന് അവളോട്‌ തോന്നിയത് പോലെ... കണ്ടമാത്രയിൽ തന്നെ ചേർത്തുപിടിക്കുവാൻ മനസ്സ് കൊതിച്ചതുപോലെ... മുഖത്തേക്കു മുഖം ചേർത്തു കെട്ടിപ്പുണരുവാൻ ആഗ്രഹിച്ചതുപോലെ... അവളിലേക്കലിയാൻ വെമ്പുന്നതുപോലെ...

  Read More

  ക്ഷണനേരത്തേക്കാണെങ്കിൽ കൂടിയും, യുഗങ്ങളായി പറയുവാൻ കൊതിച്ച ഒരായിരം കഥകൾ ആ നിമിഷം മിഴികളിലൂടെ മൊഴികളായി പ്രവഹിച്ചതുപോലെ....

  ആദ്യമായി കണ്ടമാത്രയിൽ അവളിലുണ്ടായിരുന്ന ജാള്യതയുടെ മൂടുപടം എനിക്കുമുന്നിൽ പതിയെ അഴിഞ്ഞുവീഴുന്നത് ഞാൻ അനുഭവിച്ചു.

  സമയം കിട്ടുമ്പോഴെല്ലാം പലതും സംസാരിച്ച്, എന്തിനെക്കെയോ പൊട്ടിചിരിച്ച്... അവളെ കൂടുതൽ മനസ്സിലാക്കികൊണ്ടേയിരുന്നു.

  പക്ഷെ, നാളുകൾ കടന്നുപോകുംന്തോറും, കാര്യങ്ങളുടെ പോക്കിൽ എന്തെക്കെയോ പന്തികേടുകൾ എനിക്കനുഭവപ്പെട്ടു.

  സ്റ്റെഫിയും, വൈശാലിയും തമ്മിലുള്ള ബന്ധം ഒരു സുഹൃത്ബന്ധത്തിലുപരി മറ്റെങ്ങനെയൊക്കെയോ മാറി മാറിയപ്പെടുന്നതുപോലെ...

  പല വേളകളിലും അവർ പരസ്പരം കെട്ടിപ്പുണർന്നിരിക്കുന്നതു ഞാൻ കണ്ടു, ചില രാത്രികളിൽ അവരുടെ മുറിക്കുള്ളിൽ നിന്ന് അസ്വാഭാവികമായ ശീൽക്കാര ശബ്ദങ്ങൾ ഞാൻ കേട്ടു...

  അതിനെപ്പറ്റി അവരോടു ചോദിക്കുവാൻ, എന്തോ... ഞാൻ മടിച്ചു

  എന്നാൽ, വൈശാലി പനിച്ചു കിടന്ന, ജോലിക്കുപോകുവാൻ കഴിയാതിരുന്ന ആ ദിനത്തിൽ എന്തൊക്കെയോ കാരണങ്ങൾ കണ്ടെത്തി ഞാനും റൂമിലിരുന്നു... അവളോട്‌ സംസാരിക്കുവാൻ വേണ്ടി... എന്റെ പ്രണയം തുറന്നു പറയുവാൻ വേണ്ടി... ( തുടരും... )

 • iamanandu 20w

  ഇവിടം ��
  part 1

  @iamanandu

  ഇന്നീ ബാംഗ്ലൂർ നഗരത്തിൽ ഉറക്കച്ചവടോടെ ഒറ്റക്കിരിക്കുന്ന ആൾ ഞാൻ മാത്രമായിരിക്കും.. ഓരോ പുതുവത്സരവും ആഘോഷത്തിന്റെ ദിനമാണിവിടെ.

  ആനന്തത്തിന്റെ പകലുകളിലും, രാത്രികളിലും ബാക്കി വെക്കുന്ന ഊർജമപ്പാടെ ഈ ദിനത്തിൽ പൊട്ടിച്ചകറ്റാൻ കാത്തിരിക്കുന്ന കൗമാര, യൗവ്വനങ്ങളുടെ ലക്ഷ്യപ്രാപ്തിയിൽ ഓരോ നിമിഷങ്ങളും വിറങ്ങലിച്ചു പോകുമാറ് അണപൊട്ടിയൊഴുകുന്ന ആഹ്ലാദത്തിന്റെ രാത്രി...
                
  ഞാനാ രാത്രിയെ അന്യമാക്കി, പ്രതേകിച്ചു ഒന്നുമുണ്ടായിരുന്നില്ലെങ്കിൽ കൂടിയും.. തലവേദനയാണെന്ന് സ്റ്റെഫിയോടു കള്ളം പറഞ്ഞു..

  ഇല്ലായിരുന്നുവെങ്കിൽ ഈ പുതുവത്സരദിനത്തിൽ  അനേകായിരം ചിരിച്ച  മുഖങ്ങൾക്കു നടുവിൽ ഞാൻ പൊട്ടികരഞ്ഞേനെ....

  പക്ഷെ ഇപ്പോൾ ഈ മുറിക്കുള്ളിൽ ഏകാന്തതയുടെ ഓരോ അണുവിനെയും ഉച്ഛാസത്തിൽ അലിയിച് മനസ്സിലേക്കാവാഹിച്ചു ഞാനിരുന്നു.

  സ്റ്റെഫി !  ആദ്യമായി അവളെ കണ്ടതും പരിചയപ്പെട്ടതും കോളേജിൽ വച്ചിട്ടാണ്, ഡിഗ്രീ പഠനകാലത്തെ ആവേശ്വജ്വല ദിനങ്ങളിലെപ്പോഴോ കൺമുന്നിലെത്തപ്പെട്ട വലിയ മുലകളുള്ള മാദകസുന്ദരിയായ സീനിയർ.....

  കൂട്ടുകാരുമൊത്തു മദ്യസൽക്കാരങ്ങളിലേർപ്പെട്ടപ്പോഴും, പഠന ഇടവേളകളിലെ സിഗരറ്റുപുകയുടെ മണമുള്ള ചർച്ചകളിലും കടന്നുവന്ന പേര് സ്റ്റെഫി.
  സംസാരങ്ങൾക്കിടയിൽ അവൾ പലപ്പോഴും കൊള്ളരുതാത്തവളായി.... വേശ്യയായി..

  സംഭാക്ഷണങ്ങളിൽ നിന്ന് മനസ്സിന്റെ അകത്തളത്തിലേക്കാനയിച്ചു കയറ്റിയ കാമത്തിന്റെ വിത്ത്, പതിയെ വേരുറച്ചു പടർന്നപ്പോൾ.....കിട്ടിയ അവസരത്തിൽ സ്റ്റെഫിയെ പരിചയപ്പെട്ടു.. പലവട്ടം എന്റെ നോട്ടം താഴേക്കുപോകുന്നത് കണ്ട് ചുണ്ടിലൊരു ചിരിയോടെ അവളെന്നോട് ചോദിച്ചു

  "നിങ്ങളീ ആണുങ്ങൾക്ക് പെണ്ണെന്നു കേട്ടാൽ ഒറ്റ വിചാരമേ ഉള്ളോ.... നോക്കിചിരിച്ചാൽ, ഒന്ന് സംസാരിച്ചാൽ ഒക്കെ അവള് മോശക്കാരിയാകുമോ....... നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെയാടോ ആ അമ്മ കൂടെ താമസിക്കുന്നെ?..

  Read More

  അതും പറഞ്ഞ് അവളങ്ങുപോയി, ഞാനാണെങ്കിൽ നിന്നനില്പിൽ ആവിയായ അവസ്ഥയിലും ആയി. പക്ഷെ, ഒരു കാര്യം സംഭവിച്ചു അന്നുമുതൽ ഞാനും സ്റ്റെഫിയും നല്ല സുഹൃത്തുക്കളായി..

  പഠനം കഴിഞ്ഞ് അവൾ ബാംഗ്ലൂരിൽ ജോലി ശെരിയായി അങ്ങോട്ടേക്ക് പോയി. സമയം കിട്ടുമ്പോഴൊക്കെ ഞാനവളെ വിളിച്ചു.....

  അങ്ങനെയിരിക്കെ ഓളുടെ പരിചയം വെച്ച് അവിടത്തന്നെയുള്ള ഒരു കമ്പനിയിൽ എനിക്ക്  ജോലി ശെരിയാക്കി തന്നു.. പിന്നെ അവള് വാടകയ്‌ക്കെടുത്ത അപ്പാർട്മെന്റിൽ പകുതി വാടക വ്യവസ്ഥയിൽ എനിക്കൊരു റൂമും.

  അങ്കലാപ്പുകൾ തട്ടിയകറ്റി നഗരത്തിന്റെ മുക്കും മൂലയും എനിക്കവൾ പരിചയപ്പെടുത്തി. പക്ഷെ അന്ന് തൊട്ട് ഈ നിമിഷം വരെ കാമം എന്റെ മനസ്സിന്റെ വിദൂരതയിൽ കൂടി പോലും കടന്നുവരാൻ ഞാൻ സമ്മതിച്ചില്ല.

  എന്നാൽ മൂന്ന് മാസങ്ങൾക്കു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞ ആ  സംഭവം നടന്നു... (തുടരും... )

 • iamanandu 20w

  നാളെ മുതൽ തുടങ്ങാമെന്ന് വിചാരിക്കുന്നു....

  Read More

  .