• solido_e_felicidade 5w

  #kadhaparachilintekadha
  ബസിൽ പതിവ്പോലെ ജാലകത്തിനോട് ചേർന്ന്
  പുറത്തേക്കു നോക്കിയിരുന്നപ്പോഴും മൗനം അതുപോലെതന്നെ തുടർന്നു. ബസിന്റെ വലതുവശത്തെ ജന്നൽ കമ്പിയിൽ ചാരിയിരുന്നപ്പോൾ രണ്ടുവർഷം മുൻപ് വലംകഴുത്തിൽ കാൻസർ മുഴകളെന്നപോലെ വരുകയും കഴുത്തുകീറി അവയെ പുറത്തെടുത്ത ബയോപ്സി റിസൾട്ടിൽ അതവയല്ല എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, തുന്നികെട്ടപ്പെട്ട ആ മുറിവിന്റെ വേദന ഒരിടക്കാലത്തിനുശേഷം
  വീണ്ടും നാമ്പിടുന്നതവളറിഞ്ഞു.

  സത്യത്തിൽ അവൾ അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല. അവൾ ഭയപ്പെട്ടുതുടങ്ങിയിരുന്നു. അയാളോടൊപ്പം ചിലവിടുന്ന ഓരോ നിമിഷവും അവളെ പേടിപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുനിന്ന് അയാളൊന്നു എഴുന്നേറ്റു പോയിരുന്നെങ്കിൽ എന്നുവരെ അവൾ ആശിച്ചു. അവളുടെ മനസ്സ് വായിച്ചിട്ടാണോ എന്തോ, അടുത്ത സ്റ്റോപ്പിൽനിന്നു കയറിയ വയോധികയായ ഒരു സ്ത്രീക്കുവേണ്ടി അയാൾ സീറ്റൊഴിഞ്ഞുകൊടുത്തു.
  'ടോ.. ഞാൻ മുന്നിലുണ്ടാകും'
  അത്രയും പറഞ്ഞുകൊണ്ടയാൾ തിരക്കിനിടയിലൂടെ മുന്നിലേക്ക് പോയി. അനിർവചനീയമായ ഒരാശ്വാസം അവളിലുടലെടുത്തു. അരുതാത്തതൊന്നും സംഭവിക്കില്ല അവൾ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

  നഗരത്തിനുനടുവിലെ തിരക്കേറിയ ബസ് ഡിപ്പോയ്ക്കരികിൽ ബസ് വന്നു നിന്നു. ഒരു പേരുകേട്ട രാഷ്ട്രീയ ജാഥ കടന്നുപോകാനുണ്ടായിരുന്നു. അതിനാൽ തന്നെ പതിവിലേറെ തിരക്കും ബഹളവും. നഗരമാകെ അലങ്കോലമായിരുന്നു. ജാഥക്കാർ റോഡ് നിറഞ്ഞിരുന്നതിനാൽ ബസ് ഡിപ്പോയ്ക്കുള്ളിൽ കയറ്റാൻ ശ്രമിച്ച ഡ്രൈവർ നിസഹായനാകുന്നത് അവൾ കണ്ടു. നിർത്തിയ ബസിൽ നിന്നും എല്ലാവരും ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്കും , അയാൾ പിന്നെയും അവൾക്കരുകിൽ എത്തി.
  'എടോ.. ബസ് അകത്തേക്ക് കേറില്ല. ഇവിടെ ഇറങ്ങിയിട്ട് റോഡ് ക്രോസ്സ് ചെയ്ത് അപ്പുറത്ത് പോയാൽ മതി.'
  അയാൾക്ക് വീടത്താനുള്ള ബസ് പിടിക്കാൻ റോഡ് ക്രോസ്സ് ചെയ്യണ്ടായിരുന്നു.
  'ഹാ.. ശരിയെടോ.. .. പോട്ടെ .. കാണാം'
  അയാളുടെ അടുത്തുനിന്നും, ആ കാഴ്ചവട്ടത്തുനിന്നും എത്രയും വേഗം അവൾക്കൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു. അവർ ബസിറങ്ങി.
  'ടോ ..., താൻ ഓക്കേ അല്ലെ?'
  'അതേടോ... കുഴപ്പമൊന്നുമില്ല. അവൾ പുഞ്ചിരിവരുത്താൻ ശ്രമിച്ചു.'
  റോഡ് ക്രോസ്സ് ചെയ്യുന്ന കാര്യം അയാൾ പറഞ്ഞപ്പോൾ ഒട്ടും പേടികാണിക്കാതെ
  "ഹാ.. ശരിയെടോ "
  എന്നവൾ പറഞ്ഞെങ്കിലും, കുട്ടികാലം മുതൽക്കേ അവളെ ഭയപെടുത്തിയിരുന്ന കാര്യമായിരുന്നു അത്. ആ തിരക്കിനിടയിൽ റോഡരികിൽനിന്നും ഇരുവശങ്ങളിലേക്കും നോക്കിയപ്പോൾ പാഞ്ഞുപോകുന്ന വാഹനങ്ങൾ എപ്പോഴത്തെയും പോലെ അവളുടെ തലയ്ക്കുള്ളിൽ പ്രകമ്പനം സൃഷ്ടിക്കാൻ തുടങ്ങി.
  കുട്ടിക്കാലത്ത് എപ്പോഴും രണ്ടുകണ്ണുകളും മുറുക്കെപ്പൂട്ടി അച്ഛന്റെ ഇടംകൈയിൽ ഇറുക്കിപ്പിടിച്ച് റോഡ് മുറിച്ചു കടക്കുന്ന ചിത്രം ഒരുനിമിഷാർദ്ധം കൊണ്ട് കണ്ണിൽ തെളിഞ്ഞു. പിന്നെ അവളൊന്നും നോക്കിയില്ല. മറുകരയെ ലക്ഷ്യമാക്കി റോഡിനു നടുവിലൂടെ നടക്കാൻ തുടങ്ങി. അപ്പോൾ തന്നെയും എവിടുന്നെന്നോ പോലെ ഒരു ഇരുചക്രവാഹനം അവൾക്കുനേരെ പാഞ്ഞടുത്തു.

  'ഇയാളിതെന്താടോ ഈ കാണിക്കുന്നേ... !?'
  പിന്നെയും ആ ശബ്ദം ചെവിയിൽ മുഴങ്ങി. ഒപ്പം ബലിഷ്‌ഠമായ ആ കൈ തന്നെ പുറകിലേക്ക് പിടിച്ചുവലിക്കുന്നതായും അവളറിഞ്ഞു. അൽപ്പനേരം മുൻപുവരെയ്ക്കും താൻ ആരിൽനിന്നുമാണ് മോചനമാഗ്രഹിച്ചത്, ഇതാ... അയാളുടെ തന്നെ കരവലയത്തിനുള്ളിൽ താൻ അകപ്പെട്ടിരിക്കുന്നു. ഒരു നിമിഷത്തേക്കെങ്കിലും അയാളുടെ നെഞ്ചോടുചേർന്നിരിക്കുന്നു. ഇത്തിരി മുന്നിൽ ബൈക്ക് നിർത്തി തിരിഞ്ഞുനോക്കിയ യാത്രികനോട് അയാൾ പറയുന്നുണ്ടായിരുന്നു; 'സോറി ചേട്ടാ, പെട്ടെന്ന് കാണാഞ്ഞിട്ടാ.. '
  അയാൾ ഒന്ന് തറപ്പിച്ചുനോക്കിയശേഷം വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി കടന്നുപോയി. ചുറ്റും നിന്നവരൊക്കെയും നോക്കുന്നുണ്ടായിരുന്നു.

  Read More

  യാത്രാകുറിപ്പ് - 33
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_