• solido_e_felicidade 6w

  #kadhaparachilintekadha

  'ആ.. അമ്മാ... ക്ലാസ് കഴിഞ്ഞിറങ്ങി...
  കഴിച്ചോളാം...
  ഇറങ്ങിയിട്ടില്ല .. ഇപ്പൊ ക്യാമ്പസ്സിലുണ്ട് .
  അല്ലന്നേ.. ഒറ്റയ്ക്കല്ല .. ഇവിടെ ദേ വരദയുണ്ട്.
  ഇല്ലില്ല.. കഴിച്ചിട്ടില്ലായിരുന്നു... എന്താ കഴിക്കുന്നേന്നറിയാൻ വയ്യാത്തോണ്ട് ഞാൻ രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി. ഹാ.. ഞാനും കഴിച്ചോളാം .. താമസിക്കുവാണേൽ ഇന്ന് കളിക്കാൻ പോവില്ല. നേരെ വീട്ടിൽ വന്നോളാം. ഹ്മ്മ്... ശരി.. '
  ഒരു നിമിഷത്തെ മൗനത്തിനുശേഷം അയാൾ പിന്നെയും തുടർന്നു.
  'മ്മാ... ഐ ആം സോറി...
  ഹ്മ്മ്..... വെറുതെ സോറി... ശരി.. വയ്ക്കുവാണേ .. '

  'എന്തുപറ്റിയെടോ!?'
  'ഹേയ്.. അങ്ങനെയൊന്നൂല.. രാവിലെ, ഇത്രേം പ്രായമായിട്ടും കളിച്ചുനടക്കുവാണെന്ന് പറഞ്ഞു അച്ഛൻ ദേഷ്യപ്പെട്ടു. അതിന്റെ കലി മുഴുവൻ അമ്മയോടല്ലേ കാട്ടാൻ പറ്റൂ..അങ്ങനെ അമ്മയോട് വഴക്കിട്ട് ഇറങ്ങിയതാണ്... പക്ഷെ, പാവം ഇപ്പൊ തോന്നണു വേണ്ടായിരുന്നുവെന്ന്. ഹാ... അമ്മ ഇതൊക്കെ എത്ര കണ്ടതാ... പുള്ളികാരിക്ക് എന്നെ വളരെ നന്നായി അറിയാം..അന്ന് കണ്ടതല്ലേ.. വെറും പാവമാണെടോ.. '

  അയാൾ അമ്മയെ പറ്റി പറഞ്ഞപ്പോൾ പിന്നെയും അവളുടെ മുഖം വാടി. വളരെ പെട്ടെന്ന് തന്നെ അയാൾ അത് കാണുകയും താൻ എന്തോ അബദ്ധം പറഞ്ഞെന്നപോലെ നിശ്ശബ്ദനാകുകയും ചെയ്തു. അയാൾക്ക് മനസിലായി എന്ന് തോന്നുന്നു അവൾ, കുട്ടികാലത്തെങ്ങോ നഷ്ടപ്പെട്ടുപോയ അമ്മയെ മനസിൽ കാണുകയിരുന്നെന്ന്. അയാൾ നോക്കിയിരിക്കെ, അവളുടെ കണ്ണുകൾ നിശബ്ധമായി നിറഞ്ഞൊഴുകാൻ തുടങ്ങി.

  'എടോ.., പ്ലീസ് ..., താൻ കരയല്ലേ.. ,ഒന്ന് വെറുതെയിരിക്കെടോ...'

  അവൾ കണ്ണീർ നിയന്ത്രിക്കാൻ നോക്കികൊണ്ട് പറഞ്ഞു,
  'അമ്മയോട് വെറുതെ വഴക്കിടല്ലേടോ... ഞാൻ കണ്ടറിഞ്ഞതാണ് ഇയാൾടെ അമ്മയെ. പാവത്തിന് സ്നേഹിക്കാൻ മാത്രേ അറിയുള്ളൂ... ചിലപ്പോ തനിക്ക് മനസിലാകണമെന്നില്ല, ആ സ്നേഹത്തിന്റെയും കരുത്തലിന്റെയുമൊക്കെ വില എത്രയുണ്ടാകുമെന്ന്.. എനിക്കത് നന്നായിട്ടറിയാം.. ഓരോ നിമിഷവും ഞാൻ അത് കൂടുതൽ കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുന്നു...'

  'ഇല്ലെടോ.. എനിക്കറിയാം... അല്ലെങ്കിൽ ഇപ്പൊ മനസിലായി.. ഇയാള് കണ്ണ് തുടയ്ക്ക്. '
  'ഹ്മ്മ്... '

  പിന്നെ ഏറെ നേരം നീണ്ടുനിന്ന നിശബ്ദത. രണ്ടുപേരും ഒന്നും പറഞ്ഞില്ല. എന്നാൽ രണ്ടുപേരുടെയും മനസ്സിൽ ചിന്തകൾ കാടുകയറുമ്പോലെ ഉണ്ടായിരുന്നു. ഒടുവിൽ മൗനത്തെ ഉടച്ചുകൊണ്ട് അയാൾ ചോദിച്ചു:
  'ദേ... വൈകുന്നേരമായി. വീട്ടിൽ പോകണ്ടേ..!?'
  വളകളിടാത്ത കൈയിൽ വാച്ച് കെട്ടുന്ന ശീലം അടുത്തകാലത്തു തുടങ്ങിയിരുന്നവൾ അതിലേക്കു നോക്കി. സമയം നാല് കഴിഞ്ഞിരിക്കുന്നു.
  'ആടോ.. പോവാം.'
  അവൾ പതിയെ ബാഗും എടുത്ത് എഴുന്നേറ്റു.
  'താൻ എങ്ങോട്ടാ, കളിക്കാൻ പോണ്ടേ..!?'
  അവളുടെ മുഖത്ത് അപ്പോഴും താളം കെട്ടികിടന്നിരുന്ന ദുഃഖം അയാൾ സൂക്ഷ്മമായി നോക്കുകയായിരുന്നു.
  'ഇല്ല, ഇന്നെന്തോ... ,വയ്യ. പിന്നെ, ഇയാളെ ഈ കോലത്തിൽ KSRTC യിൽ ഒറ്റയ്ക്ക് വിടാൻ തോന്നണില്ല.' അയാളും തടിബെഞ്ചിൽ നിന്ന് പതിയെ എഴുന്നേറ്റ് മുന്നോട്ട് നടന്നു.
  'വാടോ... പോകാം.'

  ഇരുവശത്തും നീണ്ടുകൂർത്ത ക്രിസ്തുമസ് പുല്ലുകൾ വളർന്ന വഴിയിലൂടെ പതിയെ നടക്കുമ്പോഴും അവരുടെ പാദുകങ്ങളുടെ ഒച്ചയല്ലാതെ മറ്റൊന്നും കേൾക്കുന്നുണ്ടായില്ല. ഇത്തിരി നടന്ന് അവളൊന്നു തിരിഞ്ഞുനോക്കി. രാവിലെ മുതൽ ഇത്രെയും നേരം തൻ്റെ കാവൽക്കാരനായിരുന്ന ആ ഭീമൻ പുളിമരത്തിന് മനസാലെ നന്ദിയർപ്പിച്ചു. അവിടെ നിന്നും പ്രധാന കവാടത്തിലെത്താനെടുത്ത പത്തോളം മിനിറ്റുകളും തങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന മൗനത്തിനിടയ്ക്കും ആ നീണ്ട നിരത്തിൽ രണ്ടു നിഴല്പാടുകൾ തമ്മിലറിയാതെ കൂടിക്കലരുന്നത് എപ്പോഴത്തെയും പോലെ അവൾ കണ്ടില്ലെന്നു നടിച്ചു. അയാളാകട്ടെ.., ചുറ്റുപാടുകളെ വകവയ്ക്കാതെ മനസ്സുകൊണ്ട് ഏതോ ഗ്രൗണ്ടിൽ, ഉരുളുന്ന പന്തിനു പിന്നിൽ പായുന്നപോലെ, അല്ലെങ്കിൽ ഇനിയും അർത്ഥംപിടികിട്ടാത്ത ഏതോ വിചിത്രപുസ്തകത്തിനുള്ളിൽ കുടുങ്ങിയതുപോലെയും കാണപ്പെട്ടു.

  Read More

  യാത്രാകുറിപ്പ് -32
  (കഥപറച്ചിലിൻ്റെ കഥ)
  ©vp_