• afsal_thettamala 36w

    പഥികപദം

    പ്രണയാന്വേഷിയുടെ
    യാത്രകൾക്ക്
    ഉപമകളില്ല സത്യത്തിൽ,
    വഴിയരികിലിരിക്കുക,
    യാത്ര മടുക്കുക,
    തിരിച്ചു നടക്കുക,
    എന്നീ പാപങ്ങളിൽ
    ചവിട്ടിത്തന്നെയാവുമാ യാത്ര.
    മഗ്‌രിബിന്റെയറ്റത്തൊരു
    നേർത്ത വരയിൽ
    എത്ര നേരമാ യാത്രിയിരുന്നെന്ന്
    ഇരുട്ട് പോലും കണ്ടു പിടിച്ചിട്ടില്ല.
    മണൽപ്പരപ്പുകളുടെ
    അറ്റമില്ലായ്മയിൽ വിയർത്തിരുന്ന
    നാഴികകളെപ്പറ്റി
    രേഖകളുമുണ്ടാവില്ല.
    എന്നാൽപോലും,കാലങ്ങളെ ചുറ്റി
    പിന്നെയും ചുറ്റി, യാത്രിയൊടുവിൽ
    എവിടെയെത്തിപ്പെടുമെന്നു മാത്രം
    തേടുന്ന ആത്മാവിനു
    ആശങ്കയുണ്ടാവില്ല.
    ഇരുട്ടിലാവാട്ടെ,ചുവന്നു മഞ്ഞച്ച
    സായം സന്ധ്യയാവട്ടെ,
    ഉരുക്കിയെടുക്കുന്ന
    വെയിലുമായിക്കൊള്ളട്ടെ.
    ഒരു ദീർഘ സുജൂദിലെ
    നേർത്ത നിശ്വാസങ്ങളിൽ
    ഒടുവിലാ യാത്ര ഇരിപ്പുറപ്പിക്കേ
    പ്രണയാന്വേഷി കരയുകയാവില്ല,
    കണ്ണുനീര് കൊണ്ട്
    കവിത രചിക്കുക തന്നെയാവും,
    അതങ്ങിനെത്തന്നെയാവും....