• gangadevi 18w

    ഇരുട്ട്.. (2)

    മെല്ലെ രണ്ടു ഇടുങ്ങിയ ഭിത്തികളിൽ അവളുടെ കൈ തട്ടി.. അടുത്തടുത്ത് രണ്ടു കൂറ്റൻ ഭിത്തികൾ.. അവക്കിടയിലൂടെ ഉള്ള വിടവിലൂടെ അവൾ മെല്ലെ നടന്നു തുടങ്ങി... ഒരാൾക്ക് കഷ്ട്ടിച്ചു നടക്കാനുള്ള വീതി മാത്രമേ ആ ഇരുണ്ട ഇടനാഴിക്കുള്ളു.. ഇത്തരം ഇടുങ്ങിയ സ്ഥലങ്ങളിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക സ്വാഭാവികം ആണ്...പക്ഷെ ഇവിടെ ഈ ഇരുട്ടിൽ തങ്ങി നിൽക്കുന്ന നിശബ്ദതയാണ് അവളെ കൂടുതൽ ശ്വാസം മുട്ടിക്കുന്നത്... എങ്ങോട്ടാണീ വഴി പോകുന്നത്... എത്രയും പെട്ടന്ന് ഇത് അവസാനിച്ചെങ്കിൽ... അവൾ മനസ്സിൽ ഓർത്തു. ഇരമ്പൽ ഇപ്പോൾ അടുത്തടുത്ത് വരുന്നുണ്ട്. അടുത്തെവിടെയോ കടലുള്ള പോലെ..അതെ ശബ്ദം. വീണ്ടും താനതിനോട് കൂടുതൽ അടുക്കുന്നു. ഒരു ഈർപ്പമുള്ള കാറ്റു മുന്നിൽ എവിടെയോ നിന്നും അവളിലേക്ക് പടർന്നു കേറുന്ന പോലെ.. ആകെ വിറങ്ങലിച്ചു പോകുന്ന തണുപ്പ്....പെട്ടന്നാണ് ഇരുമ്പ് കൊണ്ടുള്ള എന്തിലോ കൈ തട്ടിയത്. അവൾ അതിൽ പിടിച്ചു നോക്കി... ഒരു ഇരുമ്പഴി ആണ്... നെടുകെയും കുറുകെയും ഇരുമ്പുകമ്പികൾ... ഈർപ്പം പറ്റി തുരുമ്പിച്ച ഇരുമ്പിന്റെ മണം അവളുടെ കൈകൾക്കും പകർന്നുകിട്ടി. അതിനുള്ളിൽ നിന്നാണ് കാതു തുളപ്പിക്കുന്ന ഈ ഇരമ്പൽ. അഴികളുടെ വിടവിലൂടെ അവൾ അപ്പുറത്തെ ഇരുട്ടിലേക്ക് ചൂഴ്ന്നു നോക്കി... കുറെ ചങ്ങലകളിൽ എന്തോ ഇരുണ്ട ഒന്ന് മിനുങ്ങുന്നു...അത് ഓളം തെല്ലുകയാണോ....മിനുങ്ങുന്ന ഓളങ്ങൾക്ക് ഒരു ഇരുണ്ട നീലിമ... കടൽ.. !!!അതെ.. അതൊരു കടൽ തന്നെയാണ്...... ചങ്ങലകളാൽ ബന്ധിക്കപ്പെട്ട കടൽ.. !!!
    (തുടരും... )
    ©gangadevi